Loading ...

Home International

90 ദിവസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് യു.എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ 90 ദിവസത്തിനകം താലിബാന്‍ കീഴടക്കുമെന്ന് യു.എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 30 ദിവസത്തിനുള്ളില്‍ കാബൂള്‍ നഗരത്തെ താലിബാന്‍ ഒറ്റപ്പെടുത്തും. 90 ദിവസത്തിനുള്ളില്‍ കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കും -യു.എസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍, അഫ്ഗാന്‍ സുരക്ഷാ സേന കടുത്ത പ്രതിരോധം ഉയര്‍ത്തിയാല്‍ സാഹചര്യം മാറിമറിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെ എട്ട് പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയെന്നാണ് പുതിയ വിവരം. താലിബാന്‍ ശക്തിയാര്‍ജിക്കുന്നതിനിടെ, അഫ്ഗാന്‍ സൈനിക നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണികള്‍ നടന്നു. ജനറല്‍ വാലി അഹ്‌മദ് സായിയെ മാറ്റി ജനറല്‍ ഹയ്ബത്തുല്ലാ അലിസായിയെ സൈനിക മേധാവിയായി നിയമിച്ചു.

ആറ് ദിവസത്തിനിടെയാണ് എട്ട് പ്രവിശ്യകള്‍ താലിബാന്‍ കീഴടക്കിയത്. ഫറാ, പൊലെ ഖോംറി എന്നീ പ്രവിശ്യകളാണ് ഒടുവില്‍ കീഴടക്കിയത്. വടക്കന്‍ അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് താലിബാന്‍ കഴിഞ്ഞ ദിവസം പിടിച്ചടക്കിയിരുന്നു. കു​ന്ദു​സ്, ത​ഖ​ര്‍, ജൗ​സ്​​ജാ​ന്‍, സാ​രെ പു​ല്‍, നിം​റു​സ്​ പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണ്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍നിന്നു യു.എസ് സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ വീണ്ടുവിചാരമില്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണമെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. അഫ്ഗാനുള്ള മറ്റ് സഹായങ്ങള്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട സൈനിക സാന്നിധ്യം പിന്‍വലിക്കുന്നത് യു.എസും നാറ്റോയും പ്രഖ്യാപിച്ചതാടെ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തിന്‍റെ 65 ശതമാനവും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News