Loading ...

Home International

ദോഹ ലോകത്തെ മികച്ച വിമാനത്താവളം; സിംഗപ്പൂര്‍ ഷാംഗെയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷാവര്‍ഷം സ്‌കൈട്രാക്സ് തയ്യാറാക്കുന്ന പട്ടികയിലെ ഒന്നാം സ്ഥാനം സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തിന് നഷ്ടമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ചംഗി വിമാനത്താവളത്തിന് ഈ സ്ഥാനം നഷ്ടപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പട്ടികയില്‍ പടവുകള്‍ കയറി വരികയായിരുന്ന ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് 2021-ല്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണ ചംഗി വിമാനത്താവളത്തിന് മൂന്നാം സ്ഥാനം നേടി തൃപ്തിപ്പെടേണ്ടി വന്നു. ഈ വിമാനത്താവളത്തിലെ സൗകര്യങ്ങളെയും ഭക്ഷണമുള്‍പ്പെടെയുള്ള സേവനങ്ങളെയും എന്നും പുകഴ്ത്താറുള്ള ആരാധകര്‍ക്ക് ഒരുപക്ഷേ ഇത് നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരിക്കും. ദോഹ വിമാനത്താവളം കൈവരിച്ച ഈ നേട്ടം ഖത്തറിന്റെ ഫ്ലാഗ്ഷിപ്പ് എയര്‍ലൈന്‍സ് ആയ 'ഖത്തര്‍ എയര്‍വെയ്സിന്റെ' കഠിനപ്രയത്നവുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഖത്തര്‍ ഗവണ്മെന്റ് തങ്ങളുടെ പ്രധാന എയര്‍പോര്‍ട്ടിന്റെയും എയര്‍ലൈന്‍ സേവനത്തിന്റെയും വികസനത്തിനായി അത്രമേല്‍ നിക്ഷേപങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രികര്‍ക്ക് കാത്തിരിപ്പ് സമയത്ത് സൗജന്യമായി നഗര സന്ദര്‍ശനം, സൗജന്യ വിശ്രമ സൗകര്യങ്ങള്‍, ഭക്ഷണ സേവനങ്ങള്‍ എന്നീ സൗകര്യങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഒരുക്കാറുണ്ട്. അതുകൂടാതെ വി ഐ പി ട്രാന്‍സ്ഫര്‍ സേവനങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രികര്‍ക്കായി ഒരുക്കുന്നു. ഇതിന്റെ ഭാഗമായി വിമാനം ഇറങ്ങിയ ശേഷം അവര്‍ക്ക് പോകേണ്ട അടുത്ത വിമാനത്തിലേക്ക് കയറുന്നത് വരെ യാത്രികര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ വേണ്ട സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും വിമാനത്താവളങ്ങള്‍ തന്നെയാണ് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒട്ടുമുക്കാലും സ്ഥാനങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. ആദ്യത്തെ 10 സ്ഥാനങ്ങളില്‍ മൂന്ന് സ്ഥാനങ്ങള്‍ നേടിക്കൊണ്ട് ജപ്പാന്‍ ഏറ്റവുമധികം റേറ്റിങ് നേടിയ രാജ്യമായി മാറി. ടോക്കിയോവിലെ രണ്ട് വിമാനത്താവളങ്ങളും (നറീറ്റ, ഹനേഡ) ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. 2020 ഓഗസ്റ്റിനും 2021 ജൂലൈയ്ക്കും ഇടയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എയര്‍പോര്‍ട്ട് സാറ്റിസ്ഫാക്ഷന്‍ സര്‍വേയില്‍ പങ്കെടുത്ത വിമാനയാത്രികരുടെ വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് മികച്ച വിമാനത്താവളങ്ങളുടെ ഈ പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.

'ലോകത്തെ മികച്ച വിമാനത്താവളങ്ങളു'ടെ പട്ടികയില്‍ ഇടം പിടിച്ച പത്ത് വിമാനത്താവളങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
2. ടോക്കിയോ ഹനേഡ വിമാനത്താവളം
3. സിംഗപ്പൂര്‍ ചംഗി വിമാനത്താവളം
4. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം
5. ടോക്കിയോ നറീറ്റ വിമാനത്താവളം
6. മ്യൂണിച്ച്‌ വിമാനത്താവളം
7. സൂറിച്ച്‌ വിമാനത്താവളം
8. ലണ്ടന്‍ ഹീത്ത്റോ വിമാനത്താവളം
9. കാന്‍സായ് അന്താരാഷ്ട്ര വിമാനത്താവളം
10. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം


Related News