Loading ...

Home Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ക്ക് നേരെ ദുര്‍ബല വകുപ്പുകള്‍, അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കുമേല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തിയത് കേസ് ഒതുക്കി തീര്‍ക്കാനാണെന്ന് ആക്ഷേപം. ഒരു വസ്തുവിന്റെ രേഖ ഉപയോഗിച്ച്‌ നിരവധി തവണ ലോണ്‍ എടുത്തതിനാല്‍ പണം തിരികെ കിട്ടാനും സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ നിക്ഷേപകരുടെ പണത്തിന്റെ കാര്യത്തിലും വ്യക്തതയില്ലാതായി.

അതേസമയം, പൊലീസിന് പ്രതികളെ ഇതുവരെയും അറസ്റ്റു ചെയ്യാനായിട്ടില്ല. വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങി നിസ്സാര വകുപ്പുകളാണ് കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ പണം തിരികെ കിട്ടിയാല്‍ കേസില്‍ നിന്ന് പ്രതികള്‍ക്ക് രക്ഷപെടാനാകും. സി.പി.എമ്മിന്‍റെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതെന്നാണ് ആരോപണം.

ഒരു വസ്തു ഈട് വെച്ച്‌ 20 തവണ വരെ പ്രതികള്‍ വായ്പയെടുത്തിട്ടുണ്ട്. വസ്തു ജപ്തി ചെയ്തു പണം തിരികെ പിടിക്കാന്‍ ശ്രമിച്ചാലും നഷ്ടപ്പെട്ട പണത്തിന്റെ പകുതി പോലും ലഭിക്കില്ല. ജപ്തി നടപടികള്‍ പൂര്‍ത്തിയായി വസ്തു വില്പന നടത്തി തുക കണ്ടെത്താനും കാല താമസം വരും. പ്രതികളുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച്‌ പരിശോധന നടത്തുന്നുണ്ടെങ്കിലും ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് മറ്റൊരു ആരോപണം.

Related News