Loading ...

Home Kerala

വാക്സിന്‍ യജ്ഞം ആദ്യ ദിനം തന്നെ പ്രതിസന്ധിയില്‍; മൂന്നു ജില്ലകളില്‍ സ്റ്റോക്ക് തീര്‍ന്നു

സംസ്ഥാനത്ത് വാക്സിന്‍ യജ്ഞം ആദ്യ ദിനം തന്നെ പ്രതിസന്ധിയില്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സ്റ്റോക്ക് തീര്‍ന്നു. ഇന്ന് കൂടുതല്‍ വാക്സിനെത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്സിനേഷന്‍ യജ്ഞം പരാജയപ്പെടും. വാക്സിനേഷന്‍ രാഷ്ട്രീയവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് വാക്സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ഇതിലൂടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ആദ്യദിനം തന്നെ പ്രതിസന്ധിയിലായി. തിരുവനന്തപുരത്ത് 1000 ഡോസില്‍ താഴെയാണ് വാക്സിന്‍ സ്റ്റോക്കുണ്ടായിരുന്നത്. ഇത് പാലിയേറ്റീവ് രോഗികള്‍ക്കാണ് നല്‍കിയത്.ആലപ്പുഴയിലും കൊല്ലത്തും വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു. പത്തനംതിട്ടയില്‍ 53 സര്‍ക്കാര്‍ കേന്ദ്രങ്ങളിലാണ് വാക്സിനേഷനുണ്ടായത്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഭാഗികമായി വാക്സിനേഷന്‍ നടക്കുന്നുണ്ട്. ഇന്ന് രാത്രിയോടെ വാക്സിനെത്തിയേക്കുമെന്നാണ് വിവരം. ഇത് എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്സിനേഷന്‍ തന്നെ മുടങ്ങും. ഈ മാസം 15നുള്ളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആദ്യഡോസ് പൂര്‍ത്തികരിക്കാനായിരുന്നു തീരുമാനം. അതേസമയം കേരളത്തില്‍ വാക്സിന്‍ വിതരണത്തില്‍ പാളിച്ചയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വാക്സിന്‍ ചലഞ്ചില്‍ നിന്ന് സമാഹരിച്ച കോടികള്‍ ചെലവഴിക്കുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Related News