Loading ...

Home International

വീടുകള്‍ കയറി യുവതികളുടെ കണക്കെടുപ്പ്, താലിബാന്‍ ലൈംഗീക അടിമകളാക്കുമോ എന്ന് ഭയന്ന് അഫ്ഗാനിലെ സ്ത്രീസമൂഹം

കാബൂള്‍: യുഎസ് സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന്‍ തിരിച്ചുവരവിനായി പോരാട്ടം ശക്തമാക്കിയിരിക്കെ ഭയപ്പാടോടെ സ്ത്രീ സമൂഹം. താലിബാന്‍ അധികാരം തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ മതനേതാക്കളില്‍ നിന്ന്, യുവതികളുടെ കണക്കെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

15 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും പെണ്‍കുട്ടികളുണ്ടോ എന്നറിയാന്‍ വീടുകളില്‍ അതിക്രമിച്ച്‌ കയറി അലമാരകള്‍ അടക്കം പരിശോധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ആശങ്ക കൂട്ടുന്നു. അഫ്ഗാന്‍ സൈന്യവുമായി ചേര്‍ന്ന് താലിബാനെതിരെ പോരാടി മരിച്ചവരുടെ വിധവകളുടെ പേരും വിവരങ്ങളും താലിബാന്‍ പ്രത്യേകം ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
അതേസമയം മതനിയമങ്ങള്‍ക്ക് അനുസൃതമായി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാമെന്ന നിലപാടാണ് ഇപ്പോള്‍ തങ്ങള്‍ക്കെന്നാണ് താലിബാന്റെ ന്യായം. എന്നാല്‍ താലിബാനെ പൂര്‍ണ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് അഫ്ഗാനിലെ മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ താലിബാന്‍ കിരാത നിയമം അധീന പ്രദേശങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ സൂചനയും പുറത്തുവന്നു. സ്ത്രീകള്‍ പുറത്തിറങ്ങുമ്ബോള്‍ പിതാവോ ഭര്‍ത്താവോ അടക്കമുള്ള അടുത്ത ബന്ധുക്കളായ പുരുഷന്മാരാരെങ്കിലും ഒപ്പം വേണമെന്ന നിര്‍ദേശം താലിബാന്‍ നല്‍കിയിരുന്നു.ശിരസ്സടക്കം ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ എന്നും നിര്‍ദേശമുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് താലിബാന്‍ അധീന പ്രദേശങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടുംബങ്ങള്‍ പാലായനം ചെയ്യുകയാണ്.

Related News