Loading ...

Home cinema

ലോഹലോകം ശരത്കൃഷ്ണ

പന്ത്രണ്ടുവര്‍ഷം മുമ്പ് ഈ മനുഷ്യനെ ആദ്യം കാണുന്നതും മോഹന്‍ലാലിനരികില്‍ വെച്ചാണ്. അവര്‍ക്കിടയില്‍ അക്കാലം ആലയും ലോഹവും തമ്മിലുള്ള ബന്ധം പോലൊന്ന് രൂപപ്പെട്ടിരുന്നു. ഇയാള്‍ പതംവരുത്തിയും സ്ഫുടംചെയ്തും ഊതിപ്പൊലിപ്പിച്ചുമെടുത്ത പൗരുഷത്തില്‍ ലാല്‍ പൊള്ളിപ്പഴുത്തുനിന്ന കാലം. അതിന്റെ ചൂടില്‍ ഉത്തേജിതനായ കൊട്ടകക്കാണി കേട്ട മൊഴികളത്രയും ചുണ്ടിലണിഞ്ഞുനടന്നകാലം. മീശയ്ക്ക് വാള്‍മൂര്‍ച്ച വന്നകാലം.

ധിക്കാരിയായ ആണ്‍കാറ്റിനെപ്പോലെ മെല്ലെവന്ന് രഞ്ജിത് വലംകയ്യാല്‍ ലാലിനെ പുണര്‍ന്നു.
അന്നൊക്കെ തോന്നിയിരുന്നു, രഞ്ജിത് തന്നെയാണ് വെള്ളിത്തിരശ്ശീലയിലെ ലാല്‍ എന്ന്. ഭാഷയില്‍,ഭാഷണത്തില്‍,നടത്തത്തില്‍,നോട്ടത്തില്‍... സൗഹൃദചഷകങ്ങളിലെ സ്വയംമറക്കലിലെല്ലാമുള്ള സാമ്യം. താനേമെനഞ്ഞെടുത്ത കണ്ണാടിയില്‍ ലാലെന്ന് തോന്നിപ്പിക്കുന്നവണ്ണം തന്നെത്തന്നെ പ്രതിബിംബിപ്പിക്കുന്ന രാസവിദ്യ. 

കണ്ണാടിക്ക് പിറകിലുള്ള രസവും ഒരു ലോഹമാണ്...!
പിന്നെ,എത്രയോ കാലങ്ങള്‍. സംഭാഷണങ്ങള്‍,സായാഹ്നങ്ങള്‍. പക്ഷേ അന്നുകണ്ടയാളും അടുത്തറിഞ്ഞ രഞ്ജിതും ഒരാളായിരുന്നു. മുടിവളര്‍ത്തിയപ്പോഴും കടുക്കനിട്ടപ്പോഴും ഫ്രഞ്ച്താടിവച്ചപ്പോഴും അടിസ്ഥാനപരമായി അയാള്‍ രഞ്ജിത് തന്നെയായിരുന്നു. 
ആ രഞ്ജിത്താണ് ഇപ്പോള്‍ മുന്നിലിരിക്കുന്നത്. അടുക്കളയില്‍ സ്വയം തിളപ്പിച്ച കട്ടന്‍കാപ്പി പകര്‍ന്നുതന്നുകൊണ്ട്, ബ്രസീലുള്‍പ്പെടെയുള്ള ഓര്‍മകളുടെയും കല്പകത്തുണ്ടുകള്‍ പോലെതോന്നിച്ച ഒരുപാട് ചില്ലുപേടകങ്ങളുടെയും ഒ.വി.വിജയന്റെ ഛായാചിത്രത്തിന്റെയും നടുവില്‍ രഞ്ജിത്. വീണ്ടും മോഹന്‍ലാലിനരികെ,
ലോഹത്തിനരികെ...

മോഹന്‍ലാലിലേക്ക് പിന്നെയും?
 

ഒരു സിനിമ ചെയ്തുകഴിയുമ്പോള്‍ അടുത്തത് അതില്‍നിന്ന് വ്യത്യസ്തമായ വിഷയവും പശ്ചാത്തലവുമായിരിക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണ് പലതരം സിനിമകള്‍ക്ക് ശ്രമിക്കുന്നത്. ലാലുമായി അവസാനം ചെയ്ത സിനിമ 'സ്പിരിറ്റാ'ണ്. വീണ്ടും ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ പറഞ്ഞതും, മുമ്പ് ചെയ്തതുമായ ഫ്ലേവറില്‍ അല്ലാത്ത ഒരു സിനിമയ്ക്ക് വേണ്ടിയാണ് ശ്രമിച്ചത്. ഇത് വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള സിനിമയാണ്. വ്യത്യസ്തത എന്നത് വെറും അവകാശവാദത്തിന് പറയുന്നതല്ല. പതിവുരീതിയിലുള്ള സിനിമയാകരുത് എന്ന് നിശ്ചയിക്കുമ്പോള്‍തന്നെ മോഹന്‍ലാലിന്റെ ആരാധകരെയും അദ്ദേഹത്തിലെ നടനെ ഇഷ്ടപ്പെടുന്നവരെയും തൃപ്തിപ്പെടുത്താനുതകുന്നതായിരിക്കണമെന്ന ബോധ്യവുമുണ്ട്. സര്‍വോപരി ആന്റണി പെരുമ്പാവൂര്‍ എന്ന കൊമേഴ്‌സ്യല്‍സിനിമാ നിര്‍മാതാവിന്റെ പ്രോജക്ടാണിത്. ഇങ്ങനെയുള്ള എല്ലാ ഘടകങ്ങളെയും കണ്ടുകൊണ്ടുള്ള സിനിമയാണിത്. 'ഞാന്‍' എന്ന സിനിമ കൊമേഴ്‌സ്യല്‍ വിജയമായിരുന്നില്ല. അതിന് കിട്ടിയത് വേറിട്ട സിനിമകളെ സ്‌നേഹിക്കുന്നവരില്‍ നിന്നുള്ള നല്ലവാക്കുകള്‍മാത്രമാണ്. സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പലതും വേണ്ടെന്നുവെച്ചും മറന്നുകൊണ്ടും ചെയ്ത തികച്ചും പേഴ്‌സണലായ സിനിമയായിരുന്നു അത്. പക്ഷേ, ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ നമുക്ക് വേറിട്ട മറ്റെന്തെങ്കിലുമൊന്ന് നല്‌കേണ്ടിവരും. അങ്ങനെയാണ് 'ലോഹ'ത്തിലെത്തിയത്. 

എന്താണ് 'ലോഹം'?
 

നമ്മള്‍ ദിവസേന ഒരുപാട് വാര്‍ത്തകള്‍ വായിക്കുന്നു,കേള്‍ക്കുന്നു, കാണുന്നു. അതിന് മാധ്യമങ്ങള്‍ പകര്‍ന്നുതരുന്ന ഒരു മുഖം മാത്രമേയുള്ളൂ. പക്ഷേ, അവയ്‌ക്കെല്ലാം അനവധി മുഖങ്ങളും അനവധി തലങ്ങളുമുണ്ട്. അത് നമ്മള്‍ അറിയാതെ പോകുന്നു. കൊലപാതകത്തിലും കള്ളക്കടത്തിലുമൊക്കെ, കുറ്റവും അത് ചെയ്തയാളുടെ പ്രാഥമികമോ ഉപരിപ്ലവമോ ആയ വിവരങ്ങളും മാത്രമാണ് പോലീസില്‍ നിന്നും മീഡിയയില്‍ നിന്നും ലഭിക്കുക. പക്ഷേ à´† കൃത്യത്തിലേക്ക് അയാളെത്തുന്ന മാനസികവ്യാപാരങ്ങളിലൂടെയുള്ള സഞ്ചാരം പലപ്പോഴും നമുക്ക് അപരിചിതമാണ്. ഒരുനിമിഷത്തിന്റെ പ്രേരണ എന്നുപറയുന്നിടത്തുപോലും മനസ്സിന്റെ അത്തരമൊരു വ്യാപകയാത്രയുണ്ട്. ഏതുചെറുവാര്‍ത്തയും വലുതാകുന്നത് അവിടെയാണ്. കള്ളക്കടത്തിന് ഒരാള്‍ പിടിയിലാകുമ്പോള്‍ അയാളുടെ ഫോട്ടോയും കടത്തിയവസ്തുക്കളുടെ വിവരവും മാത്രമേ നാമറിയുന്നുള്ളൂ. 

പക്ഷേ അയാള്‍ എന്ന് ഇതിലേക്കുള്ള യാത്ര തുടങ്ങി,അയാളെ അതിലേക്ക് എത്തിച്ചതെന്ത്,അയാള്‍ക്കതിന് ലഭിക്കുന്ന പ്രതിഫലം,അയാളെക്കൊണ്ട് അത് ചെയ്യിക്കുന്നതാര്,അവര്‍ എവിടെയാണ്,പിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് നഷ്ടമാകുന്നതിനൊക്കെ കൃത്യമായ പരിഹാരം കിട്ടുന്നുണ്ടോ,അതോ അയാള്‍ വെറുമൊരു ലൂസര്‍ ആണോ...ഇനി അഥവാ അയാള്‍ വെറും നിരപരാധിയാണോ അങ്ങനെയെങ്കില്‍ അപരാധി ആര്...അങ്ങനെയങ്ങനെ ആലോചിച്ച് പോയാല്‍ നമ്മള്‍ പലയിടങ്ങളിലാകും എത്തപ്പെടുക. യുദ്ധാര്‍ജിത സമ്പത്ത് പങ്കുവയ്ക്കുമ്പോള്‍ അശരണരെയും അബലരെയും മറക്കാന്‍പാടില്ലെന്ന ഖുറാനിലെ സൂറത്തിനെക്കൂടി ഇതിനോട് ചേര്‍ത്ത് ആലോചിക്കാം. ഇങ്ങനെയുള്ള പലചിന്തകളാണ് ലോഹത്തിന് പിന്നില്‍. അറിഞ്ഞുകൊണ്ടുകുറ്റം ചെയ്യുന്നവരും അറിയാതെ ചെയ്യുന്നവരും....ക്രൈമിന്റെ വിചിത്രമായ ലോകം. അതിലേക്കുള്ള സഞ്ചാരത്തിനുള്ള ശ്രമമാണ് 'ലോഹം'. ഒരുവിമാനത്താവളത്തില്‍ ഒരുവിമാനം പറന്നിറങ്ങുന്നതിനും ദൂരെയുള്ള മറ്റൊന്നില്‍ നിന്ന് വേറൊരെണ്ണം പറന്നുയരുന്നതിനും ഇടയ്ക്കുള്ള കുറച്ചുദിവസങ്ങളിലെ സംഭവങ്ങള്‍...

ലാലിനെക്കൊണ്ട് രഞ്ജിത് പിന്നെയും മീശപിരിപ്പിക്കുന്നുവെന്നാണ് കേള്‍വി?
 

ഇതിന്റെ ഹൈലെറ്റ് എന്നുപറയുന്നത് ലാല്‍ മീശപിരിക്കുന്നു എന്നതല്ല. അങ്ങനെയൊരു മീശപിരിക്കല്‍ ഒന്നും ഇതിലില്ല. ഒരു തമാശ എന്നതിനപ്പുറം അതിന് പ്രാധാന്യം കല്പിക്കേണ്ടതുമില്ല. ഇതില്‍ കൈകാര്യം ചെയ്യുന്നത് സമകാലികകേരളം ദിനംപ്രതി കേള്‍ക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ഒരു പത്രവാര്‍ത്തയില്‍ ഇടംപിടിക്കുന്ന സ്ഥിരംവിഷയത്തെ നമുക്ക് കിട്ടുന്ന കേവലവിവരങ്ങള്‍ക്കുമപ്പുറം മറ്റൊരു കാഴ്ചപ്പാടില്‍ കാണാനുള്ള ശ്രമം. 


രഞ്ജിത്തിന്റെ പഴയകാല ലാല്‍കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നുണ്ട് പ്രേക്ഷകര്‍? 
എന്റെ ലാല്‍ കഥാപാത്രങ്ങളുടെ തുടര്‍ച്ച പ്രതീക്ഷിക്കരുത് എന്നാണ് പറയാനുള്ളത്. അങ്ങനെയുള്ള പൂര്‍വമാതൃകകളുടെ തുടര്‍ച്ചയല്ല ഇത്. വേറൊരുതരം കഥാപാത്രമായി ലാലിനെ അവതരിപ്പിക്കുന്നതിലുള്ള മനോഹാരിതയുണ്ടല്ലോ...അത് പ്രേക്ഷകര്‍ക്ക് നല്കാനാണ് ശ്രമിച്ചത്. പഴയകാല സ്വഭാവത്തിലുള്ള സിനിമയായിരിക്കുമോ എന്ന സംശയത്തിനും ആകാംക്ഷയ്ക്കും അതുകൊണ്ടുതന്നെ പ്രസക്തിയില്ലതാനും. 

അപ്പോള്‍ വാണിജ്യവിജയങ്ങളുടെ പതിവ് അംശങ്ങള്‍?
 

നായകന്‍, പ്രതിനായകന്‍,നായിക, നായകന്റെയും പ്രതിനായകന്റെയും കുടുംബബന്ധപശ്ചാത്തലം, അവര്‍ തമ്മിലുള്ള സംഘര്‍ഷം അങ്ങനെയേ അല്ലിത്. നായകനും പ്രതിനായ കനും ഇല്ല ഇതില്‍.

Related News