Loading ...

Home International

ഡെല്‍റ്റ വകഭേദത്തെ നേരിടാനായി മൂന്നാം ഡോസ് വാക്സിൻ നൽകുന്നത് നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്‍റെ വ്യാപനശേഷിയേറിയ ഡെല്‍റ്റ വകഭേദത്തെ നേരിടാന്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മൂന്നാമതായി ഒരു ഡോസ് കൂടി നല്‍കാന്‍ (ബൂസ്റ്റര്‍ ഡോസ്) ഒരുങ്ങുകയാണ് പല രാജ്യങ്ങളും. യൂറോപ്പിലെ പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സെപ്റ്റംബര്‍ വരെയെങ്കിലും നിര്‍ത്തിവെക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

സമ്ബന്ന രാഷ്ട്രങ്ങളാണ് നിലവില്‍ കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ ഏറെ മുമ്ബിലുള്ളത്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആകെ വാക്സിന്‍റെ വലിയ ശതമാനവും സ്വന്തമാക്കുന്നത് ഇത്തരം രാജ്യങ്ങളാണ്. ദരിദ്ര രാജ്യങ്ങളിലാകട്ടെ, വാക്സിനേഷന്‍റെ നിരക്ക് ഏറെ താഴെയുമാണ്. ഈ അന്തരം ലോകാരോഗ്യ സംഘടന പലതവണയായി ചൂണ്ടിക്കാട്ടിയിരുന്നു. ദരിദ്ര രാജ്യങ്ങളെ സഹായിക്കാനായി സമ്ബന്ന രാജ്യങ്ങള്‍ തയാറാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

എല്ലാ രാജ്യങ്ങളും കുറഞ്ഞത് ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കിയ ശേഷം മതി സമ്ബന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം അഭ്യര്‍ഥിച്ചിരിക്കുന്നത്.

'തങ്ങളുടെ ജനങ്ങളെ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ രാജ്യങ്ങള്‍ക്കുള്ള ജാഗ്രത ഞാന്‍ മനസിലാക്കുന്നു. എന്നാല്‍, ലോകത്തെ വാക്സിന്‍റെ വലിയ പങ്ക് ഉപയോഗിച്ച രാജ്യങ്ങള്‍ തന്നെ വീണ്ടും ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ അടിയന്തരമായ പുനര്‍വിചിന്തനം ആവശ്യമാണ്. ഭൂരിപക്ഷം വാക്സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം വരണം' -അദ്ദേഹം പറഞ്ഞു.

കോവിഡ് ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ക്ക് സെപ്റ്റംബറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാം വാക്സിനെടുത്ത ഹൈ റിസ്കുകാര്‍ക്ക് മൂന്ന് മാസത്തിന് ശേഷവും മറ്റുള്ളവര്‍ക്ക് ആറ് മാസത്തിന് ശേഷവും ബൂസ്റ്റര്‍ ഡോസെടുക്കാമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലില്‍ 60 പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാമ്ബയിന്‍ ആരംഭിച്ചു കഴിഞ്ഞു.

Related News