Loading ...

Home International

റഷ്യയുടെ അനാസ്ഥയിൽ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷൻ 540 ഡിഗ്രി തിരിഞ്ഞു

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നേരത്തെയുണ്ടായ കൂട്ടപൊരിച്ചില്‍ വിചാരിച്ചതിനേക്കാള്‍ ആഘാതമേറിയതായിരുന്നുവെന്ന് വിലയിരുത്തല്‍. വലിയൊരു ദുരന്തമാണ് സംഭവിക്കുമായിരുന്നത്. അതാണ് തലനാരിഴയ്ക്ക് ഒഴിവായത്. റഷ്യയുടെ റോസ്‌കോമോസും നാസയും പറയുന്നത് ഈ പ്രശ്‌നത്തെ കൃത്യമായി ഇടപെട്ട് പരിഹരിച്ചെന്നാണ്. എന്നാല്‍ ഇവര്‍ ചില കാര്യങ്ങള്‍ മറച്ചുവെന്ന് വ്യക്തമാണ്. നേരത്തെ പറഞ്ഞിരുന്നതിനേക്കാള്‍ വലിയ ആഘാതം ഉണ്ടായിരുന്നുവെന്ന കാര്യം ഇവര്‍ പുറത്തുപറഞ്ഞിരുന്നില്ല. 45 ഡിഗ്രിയില്‍ സ്‌പേസ് സ്റ്റേഷന്‍ ഒന്ന് തിരിഞ്ഞു എന്നാണ് നാസ നേരത്തെ പറഞ്ഞിരുന്നത്.

നാസയുടെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ടുകല്‍ പറയുന്നു. 540 ഡിഗ്രിയോളമാണ് ഈ സ്‌പേസ് സ്റ്റേഷന്‍ ഒന്ന് കറങ്ങി തിരിഞ്ഞത്. നേരത്തെയുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ഈ സ്‌പേസ് സ്റ്റേഷന്‍ മാറിപോയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നാസയുടെ മിഷന്‍ കണ്‍ട്രോള്‍ സെന്ററിലെ ഫ്‌ളൈറ്റ് ഡയറക്ടര്‍ സെബുലോന്‍ സ്‌കോവില്ലെ പറയുന്നത് ഇക്കാര്യം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നാണ്. ആദ്യത്തെ തിരിയലിന് ശേഷം വീണ്ടും 180 ഡിഗ്രിയില്‍ സ്‌പേസ് സ്റ്റേഷന്‍ തിരിഞ്ഞുവെന്നും, ഏകദേശം നേരത്തെ നിന്ന കൃത്യസ്ഥാനത്തേക്ക് എത്തിയത് അങ്ങനെയാവുമെന്നും സ്‌കോവില്ലെ പറയുന്നു.

അതേസമയം സ്‌പേസ് സ്റ്റേഷനിലെ ബഹിരാകാശ യാത്രികര്‍ക്കൊന്നും അപകടമില്ല. എന്നാല്‍ സ്‌പേസ് സ്റ്റേഷന്റെ ഘടനയില്‍ ചില പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. ഇവിടെയുള്ള ഉപകരണങ്ങളും കേടുപാട് വന്നിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്കുള്ള കേന്ദ്രമാണ് സ്‌പേസ് സ്റ്റേഷന്‍. ഇതിന് എന്തെങ്കിലും സംഭവിച്ചാല്‍ ഭൂമിയിലുള്ള പല സിഗ്നലുകളും താറുമാറാകും. സ്‌പേസ് സ്റ്റേഷന്‍ തലകീഴായി തിരിഞ്ഞതോടെ അഡീഷണല്‍ ആന്റിനകള്‍ സ്ഥാപിച്ചാണ് ഇതിലേക്കുള്ള ആശയവിനിമയം പുനസ്ഥാപിച്ചത്. ഒരു മണിക്കൂറോളം ബഹിരാകാശ യാത്രികരുമായി നാസയ്ക്ക് ബന്ധപ്പെടാന്‍ പോലും സാധിച്ചിരുന്നില്ല.

റഷ്യ ബഹിരാകാശ വാഹനത്തില്‍ നിന്ന് ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന റോക്കറ്റാണ് വിക്ഷേപിച്ചത്. എന്നാല്‍ ത്രസ്റ്ററുകള്‍ ഒഴിവാക്കുന്ന സമയത്തുള്ള അശ്രദ്ധയാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. റഷ്യയുടെ നൗക്ക മൊഡ്യൂള്‍ ലോഞ്ചിംഗിലാണ് ഈ അപകടം സംഭവിച്ചത്. സ്‌പേസ് സ്റ്റേഷന്‍ അടിത്തട്ടിലാണ് റഷ്യന്‍ മൊഡ്യൂള്‍ ഡോക് ചെയ്തത്. എന്നാല്‍ ഈ മൊഡ്യൂളിന്റെ ജെറ്റുകള്‍ ചില കാരണങ്ങള്‍ കൊണ്ട് തനിയെ സ്റ്റാര്‍ട്ടായാണ് പ്രശ്‌നങ്ങള്‍ വഴിവെച്ചത്. എന്താണ് ഈ ജെറ്റുകള്‍ സ്റ്റാര്‍ട്ടാവാന്‍ കാരണമെന്ന് വിശദീകരിക്കാന്‍ സാധിക്കില്ലെന്ന് റഷ്യ പറഞ്ഞു. അതേസമയം സ്‌പേസ് എമര്‍ജന്‍സി നാസ ഇതേ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. സോഫ്റ്റ് വെയര്‍ തകരാറാണെന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി കാരണമായി പറഞ്ഞു.

Related News