Loading ...

Home Kerala

പാലക്കാട് ക്ഷീരസഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

പാലക്കാട്: വടകരപ്പതിയിലെ ക്ഷീരസഹകരണ സംഘത്തില്‍ വന്‍ക്രമക്കേട്. വടകരപ്പതി ശാന്തലിംഗ നഗര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. സംഘം സെക്രട്ടറിയുടെ ഭര്‍തൃപിതാവിന്റെ പേരില്‍ പാലൊഴിച്ചതായി കണക്കുണ്ടാക്കി ലക്ഷങ്ങളാണ് തട്ടിയത്.

ഇതിന് പുറമെ കാലിത്തീറ്റ വിതരണത്തിലും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. വടകരപ്പതിയിലെ ശാന്തലിംഗ നഗര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഴിമതികളെക്കുറിച്ച്‌ ലഭിച്ച പരാതിയില്‍ ചിറ്റൂര്‍ ക്ഷീര വികസന വകുപ്പ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയത്. സംഘം സെക്രട്ടറി മഞ്ജുളയുടെ ഭര്‍തൃപിതാവ് കൃഷ്ണസ്വാമി സൊസൈറ്റിയില്‍ പാലൊഴിച്ചതായി കണക്കുണ്ടാക്കി പണം തട്ടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 9577 ലിറ്റര്‍ പാലൊഴിച്ചുവെന്ന് കണക്കുണ്ടാക്കി പണം തട്ടി.

ക്ഷീര കര്‍ഷകര്‍ക്കുള്ള ധനസഹായങ്ങളും ആനുകൂല്യങ്ങളും ഇയാള്‍ അനര്‍ഹമായി നേടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തില്‍ ഈ കാലയളവില്‍ ഇയാള്‍ക്ക് പശുവുണ്ടായിരുന്നില്ലെന്നും തമിഴ്നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ വാങ്ങി സൊസൈറ്റിയില്‍ നല്‍കിയതാണെന്നും കണ്ടെത്തി.

Related News