Loading ...

Home International

പ്രശസ്ത ചരിത്രകാരന്‍ ഡോ. റുണോകോ റഷീദി അന്തരിച്ചു

ലോസ് ആഞ്ചല്‍സ്: ലോകപ്രശസ്ത ആഫ്രോ-അമേരിക്കന്‍ ചരിത്രകാരനും കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളുമായ ഡോ. റുണോകോ റഷീദി അന്തരിച്ചു. 67 വയസ്സായിരുന്നു. ആഗോളതലത്തില്‍ തന്നെ ആഫ്രിക്കന്‍ വംശജരുടെയും കറുത്ത വര്‍ഗക്കാരുടെയും അസ്തിത്വത്തിലും അവസ്ഥയിലും അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം മികച്ച എഴുത്തുകാരനും പ്രഭാഷകനുമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആഫ്രിക്കന്‍ സാന്നിധ്യത്തെ കുറിച്ചുള്ള വിഷയങ്ങളില്‍ അതീവതല്‍പരനായ ഡോ. റുണോകോ റഷീദി 10ലേറെ രാജ്യങ്ങളിലായി 90ലേറെ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ക്ലാസിക്കല്‍ ആഫ്രിക്കന്‍ സിവിലൈസേഷന്റെ രചയിതാവും എഡിറ്ററുമാണ്. ഡോ. ഇവാന്‍ വാന്‍ സെര്‍ട്ടിമയോടൊപ്പം 'ആഫ്രിക്കന്‍ സാന്നിധ്യം' എന്ന പുസ്തകത്തിന്റെ സഹ രചയിതാവായിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും സമഗ്രമായ പുസ്തകമാണിത്. കറുത്ത വര്‍ഗക്കാരെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ സജീവമായിരുന്ന റുണോകോ റഷീദി 'ആഫ്രിക്കയുടെ കണ്ണിലൂടെ ഇന്ത്യ കാണുക' എന്ന പേരില്‍ ഇന്ത്യയിലേക്കുള്ള ഒരു വിദ്യാഭ്യാസ യാത്ര ഏകോപിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാര്‍: ദ ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി യൂറോപ്, ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി ഏഷ്യ, ആഫ്രിക്കന്‍ സ്റ്റാര്‍ ഓവര്‍ ഏഷ്യ: ദി ബ്ലാക്ക് പ്രസന്‍സ് ഇന്‍ ദ ഈസ്റ്റ്, മൈ ഗ്ലോബല്‍ ജേണി ഇന്‍ സെര്‍ച്ച്‌ ഓഫ് ദി ആഫ്രിക്കന്‍ പ്രസന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ദലിതരുടെയും ദലിത് പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന റുണോകോ റഷീദി 1997ലും 1998 ഏപ്രിലിലും ഇന്ത്യയിലെത്തിയിരുന്നു. കേരള ദലിത് പാന്തേഴ്‌സ് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും എറണക്കുളത്തും നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. 1998ലെ രണ്ടാം സന്ദര്‍ശനത്തിനിടെ കേരള യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഡോ. റുണോകോയെ പങ്കെടുപ്പിച്ച്‌ ആഫ്രോ-അമേരിക്കന്‍ കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിച്ചെങ്കിലും അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ തടഞ്ഞുവയ്ക്കുകയും കറുത്ത വര്‍ഗക്കാരായ 14 പ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരേ കേരള ദളിത് പാന്തര്‍ പ്രസ്ഥാനം നടത്തിയ പ്രതിഷേധം ലോകശ്രദ്ധ നേടിയിരുന്നു.

Related News