Loading ...

Home International

താലിബാന്‍ നിയന്ത്രിത അഫ്ഗാന്‍ മേഖലയില്‍ മിന്നല്‍ പ്രളയം; മരണം നൂറ് കടന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കാബൂള്‍: താലിബാന്‍ നിയന്ത്രിത അഫ്ഗാന്‍ മേഖലയില്‍ മിന്നല്‍ പ്രളയം. നൂറിസ്താന്‍ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രദേശത്ത് താലിബാന്‍ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ അഫ്ഗാന്‍ അധികൃതര്‍ക്ക് മേഖലയിലേക്ക് കടന്നു ചെല്ലാന്‍ സാധിച്ചിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 113 പേര്‍ മരിച്ചു. ഇരുപതിലേറെ പേരെ കാണാതായി.

തലസ്ഥാന നഗരമായ കാബൂളില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കാംദേഷ് ജില്ലയില്‍ പെയ്ത പെരുമഴയാണ് പ്രളയത്തിനു വഴിവച്ചത്. പ്രദേശത്തെ വീടുകളെല്ലാം തകര്‍ന്നിട്ടുണ്ട്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ ബന്ധിപ്പിക്കുന്ന ഏഴ് പാലങ്ങള്‍ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും തകര്‍ന്നു. റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

താലിബാന്‍ ഭീഷണിയുള്ളതിനാല്‍ പ്രളയ ബാധിത പ്രദേശത്തേയ്‌ക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്ന് അഫ്ഗാന്‍ ദുരിതാശ്വാസ സേന അറിയിച്ചു. എന്നാല്‍ അഫ്ഗാന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മേഖല സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

അതിനിടെ മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച താലിബാന്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

Related News