Loading ...

Home Kerala

റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; പിഎസ്‍സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം

പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ റാങ്ക്‌ലിസ്റ്റ് നീട്ടാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക്‌ലിസ്റ്റ് വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ എംഎല്‍എല്‍ ഷാഫി പറമ്ബില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകായിരുന്നു മുഖ്യമന്ത്രി.

സാധാരണ ഗതിയില്‍ ഒരു വര്‍ഷമാണ് റാങ്ക്‌ലിസ്റ്റ് കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. ആഗസ്റ്റ് നാലിന് അവസാനിക്കുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകള്‍ക്കും മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞിട്ടുണ്ട്. നിയമന നിരോധനം ഉണ്ടെങ്കിലേ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നീട്ടാന്‍ കഴിയൂ. സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പ്രമോഷന്‍ നടക്കാത്തത് കണ്ടെത്തി നടപടി സ്വീകരിക്കും. എല്ലാ ഒഴിവുകളും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. നിയമനങ്ങള്‍ പരമാവധി പിഎസ്‌സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയം-മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് കോപ്പ് കൂട്ടുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച്‌ ഷാഫി പറമ്ബില്‍ എംഎല്‍എ ആരോപിച്ചു. പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുത്. കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് കമ്മീഷനെ തരംതാഴ്ത്തരുത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ എന്തിനാണ് പിഎസ്‌സി അപ്പീല്‍ പോയത്? അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സര്‍ക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.

ഉദ്യോഗാര്‍ഥികളുടെ വികാരത്തോടൊപ്പമാണുള്ളത്, ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാന്‍ കഴിയില്ല: മുഖ്യമന്ത്രി

പിഎസ്‌സി ഇന്ത്യയിലെ മറ്റേതു സ്ഥാപനങ്ങളെക്കാളും തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. കമ്മീഷന്റെ യശസ് ഇടിച്ചുതാഴ്ത്തുകയാണ് പ്രമേയ അവതാരകന്‍ ചെയ്തത്. ഇത് ഒട്ടും ഗുണകരമല്ല. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി സംബന്ധിച്ച്‌ മറ്റൊരു വാദഗതിയിലേക്ക് പോകുന്നില്ല. അവ കീഴ്‌കോടതിയും ഹൈക്കോടതിയും പരിശോധിക്കേണ്ട വിഷയമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിയമപരമായ സാധുത പരിശോധിക്കേണ്ടിവരും. പിഎസ്‌സി അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാന്‍ കഴിയില്ല. എല്‍ജിഎസ് ലിസ്റ്റില്‍നിന്ന് 6,984 നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ വികാരത്തോടൊപ്പമാണ് സര്‍ക്കാറുള്ളത്. വനിതാ കോണ്‍സ്റ്റബിള്‍ സേനയില്‍ പടിപടിയായി 15 ശതമാനമാക്കി ഉയര്‍ത്തും. അതിനര്‍ത്ഥം ബംഗളൂരുവിലെ അവസാനത്തെയാള്‍ക്കടക്കം ജോലി ലഭിക്കുന്നതുവരെ ലിസ്റ്റ് നീട്ടുമെന്നല്ല. ഏത് റാങ്ക്‌ലിസ്റ്റും കാലാവധി തീരുമ്ബോള്‍ അവസാനിക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമനം നല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് നീക്കം: ഷാഫി പറമ്ബില്‍

ലക്ഷക്കണക്കിന് യുവാക്കള്‍ കാത്തിരിക്കുന്ന വിഷയമാണ് പിഎസ്‌സി റാങ്ക്‌ലിസ്റ്റ്. പിഎസ്‌സിയെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്. പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഉദ്യോഗാര്‍ത്ഥികളാണ് ട്രിബ്യൂണലില്‍ പോയത്, പ്രതിപക്ഷമല്ല. ഇതില്‍ അപ്പീല്‍ പോകാനുള്ള പിഎസ്‌സി നീക്കത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ തൊഴില്‍ കിട്ടിയിട്ടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. ആരെ സഹായിക്കാനാണ് സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നത്? കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധത്തിന് കോപ്പുകൂട്ടുകയാണ്. മറ്റൊരു റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്തപ്പോള്‍ നിലവിലെ ലിസ്റ്റ് നീട്ടണം. ഉദ്യോഗസ്ഥര്‍ എഴുതിനല്‍കുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊടുത്ത ഉറപ്പ് പോലും പാലിക്കപ്പെടുന്നില്ല-ഷാഫി വിമര്‍ശിച്ചു.

Related News