Loading ...

Home International

​ സിറിയന്‍ അഭയാര്‍ഥികളെ മടക്കി അയച്ചു; ഡാനിഷ്​ സര്‍ക്കാറിനെതിരെ നിയമ നടപടിക്ക്​ നീക്കം

കോപന്‍ഹേഗന്‍: കടല്‍ കടന്നും ഏറെ ദൂരം നടന്നും എത്തിയ നൂറുകണക്കിന്​ സിറിയന്‍ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള ഡാനിഷ്​ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടിക്ക്​ ശ്രമവുമായി നിയമജ്​ഞര്‍. ഇതേ രീതി പിന്തുടര്‍ന്ന്​ മറ്റു രാജ്യങ്ങളും മടക്കി അയക്കാന്‍ സാധ്യതയുണ്ടെന്ന്​ കാണിച്ച്‌​ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെയാണ്​ ഇവര്‍ സമീപിക്കുന്നത്​.
നേരത്തെ ഡെന്‍മാര്‍ക്കിലെത്തിയ നിരവധി പേരുടെ താത്​കാലിക താമസ അനുമതി പുതുക്കാന്‍ നല്‍കിയ അപേക്ഷ അടുത്തിടെ സര്‍ക്കാര്‍ കൂട്ടമായി തള്ളിയിരുന്നു. 1,200 ഓളം സിറിയന്‍ അഭയാര്‍ഥികളെ ബാധിക്കുന്നതാണ്​ ഈ നീക്കം. അഭയാര്‍ഥികള്‍ക്കു വേണ്ടി ലണ്ടന്‍ ആസ്​ഥാനമായുള്ള അഭിഭാഷകരുടെ നേതൃത്വത്തിലാണ്​ കോടതിയെ സമീപിക്കുക. ജനീവ കരാറിനെതിരാണ്​ നീക്കമെന്നും ഡമസ്​കസ്​ നിലവില്‍ സുരക്ഷിത​മല്ലെന്നും വിഷയം ഏറ്റെടുത്ത അഭിഭാഷകയായ ഗുര്‍ണിക പറഞ്ഞു. 58 ലക്ഷം ജനസംഖ്യയുള്ള ഡെന്‍മാര്‍കില്‍ 35000 സിറിയന്‍ വംശജരുണ്ട്​. എന്നാല്‍, ഇവരെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ തീവ്രവലതുപക്ഷ കക്ഷികള്‍ സജീവമായതാണ്​ രാഷ്​ട്രീയ നയമാറ്റങ്ങള്‍ക്ക്​ കാരണമാകുന്നത്​.

Related News