Loading ...

Home Kerala

മന്ത്രി ശിവന്‍കുട്ടി രാജി വയ്ക്കണമെന്ന് ആവശ്യം;സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം, തലസ്ഥാനത്ത് സംഘര്‍ഷം

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. തള്ളിക്കയറിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്ക് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സുപ്രീംകോടതി നിഗമനത്തിലെത്തിയ കാര്യങ്ങള്‍ക്ക് എതിരായിട്ടാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. അങ്ങനെ ഒരു പൗരനും, ഒരു മുഖ്യമന്ത്രിക്കും അവകാശമില്ല. എംഎല്‍എമാര്‍ക്ക് പ്രത്യേകിച്ച്‌ കൊമ്ബൊന്നുമില്ല. ഏത് പൗരനും ക്രിമിനല്‍ കുറ്റം ചെയ്താല്‍ വിചാരണയ്ക്ക് വിധേയരാകണം എന്നതുപോലെ തന്നെയാണ് എംഎല്‍എമാരുടെയും കാര്യമെന്നും സതീശന്‍ പറഞ്ഞു.

കയ്യാങ്കളിക്കേസിലെ എംഎല്‍എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയ ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയ തലത്തില്‍ നാണം കെടുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സില്‍ കയറി സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങളിലടക്കം കാണാം. ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയാകാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Related News