Loading ...

Home Kerala

പ്രതികള്‍ക്ക് ബിനാമി ഇടപാട്; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം തുടങ്ങി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തി. പണമിടപാടിലെ രേഖകള്‍ ഹാജരാക്കാന്‍ ബാങ്കിന് ഇഡി നിര്‍ദേശം നല്‍കി . കേസിലെ പ്രതികളുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച്‌ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറ് കോടി രൂപക്ക് മുകളില്‍ അഴിമതി നടന്നുവെന്നാണ് കണക്ക്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക പരിശോധന തുടങ്ങിയത്. ഇ.ഡി ഉദ്യോഗസ്ഥര്‍ തൃശൂര്‍ കരുവന്നൂരിലെ ബാങ്കിലെത്തി പരിശോധന നടത്തി.
പ്രതികള്‍ നടത്തിയ ഇടപാട് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും തുടര്‍നടപടി. അതേ സമയം കേസില്‍ പ്രതികളായവരുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കേസിലെ പ്രതികളായ ബിജു കരീം, ബിജോയ്‌ എന്നിവരുടെ ഇടപാടുകളില്‍ ബിനാമി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച്‌ വരികയാണ്. ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിക്കും. ബാങ്കിന്‍റെ സോഫ്റ്റ് വെയറില്‍ ക്രമക്കേട് നടത്തിയും പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. റിട്ടയേഡ് ജീവനക്കാരുടെ യൂസര്‍ ഐ.ഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

Related News