Loading ...

Home Kerala

മുട്ടില്‍ മരംമുറി കേസ്; മൂന്ന് പ്രതികളും അറസ്റ്റിലായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രധാന പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ അറസ്റ്റിലായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതികളുടെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. പ്രതികളുടെ മാതാവ് രാവിലെ മരണമടഞ്ഞിരുന്നു. ഇതറിഞ്ഞ് രാവിലെ വയനാട്ടിലെ വീട്ടിലേക്ക് എത്തുന്ന വഴിക്കാണ് കുറ്റിപ്പുറത്തുനിന്ന് തിരൂര്‍ ഡി.വൈ.എസ്.പി ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും അതുവരെ അറസ്റ്റ് തടയണമെന്നുമായിരുന്നു പ്രതികളുടെ അപേക്ഷ. എന്നാല്‍ പ്രതികള്‍ അറസ്റ്റിലായിക്കഴിഞ്ഞുവെന്നും അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. നാളെ 11.30 മണിക്കാണ് സംസ്‌കാര ചടങ്ങ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 700ല്‍ ഏറെ കേസുകളുണ്ടായിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റു ചെയ്യാന്‍ കഴിയാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. അടുത്ത തിങ്കളാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എറണാകുളത്ത് ഒളിവില്‍ കഴിയുന്ന പ്രതികള്‍ അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് ഇന്ന് വീട്ടിലേക്ക് എത്തുമെന്ന് പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കുറ്റിപ്പുറം പാലത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്. ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷമായിരുന്നു പ്രതികള്‍ നാട്ടിലേക്ക് മടങ്ങിയത്. അറുപതാമതായാണ് ഹര്‍ജി എത്തിയതെങ്കിലും അടിയന്തര പ്രാധാന്യം പരിഗണിച്ച്‌ രണ്ട് മണിക്ക് പരിഗണിക്കുകയായിരുന്നു.

Related News