Loading ...

Home National

പ്രഫുല്‍ പട്ടേലുമായി ചര്‍ച്ചക്കൊരുങ്ങി 'സേവ് ലക്ഷദ്വീപ് ഫോറം'

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ 'സേവ് ലക്ഷദ്വീപ് ഫോറ'വുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് കവരത്തിയിലെ അഡ്മിനിസ്ടേറ്ററുടെ ഓഫിസില്‍ കൂടികാഴ്ച. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ചാണ് ചര്‍ച്ച.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ലക്ഷദ്വീപിലെത്തിയത്. ഇന്നലെ ദ്വീപിലേക്കുള്ള യാത്രമധ്യേ കൊച്ചിയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ദ്വീപിലേക്ക് തിരിച്ചത്. ലക്ഷദ്വീപ് വിഷയം വിവാദമായതിന് തൊട്ടുപിന്നാലെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാരവാഹികള്‍ അഡ്മിനിസ്ട്രേറ്ററെ നേരിട്ട് കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ സന്ദര്‍ശന വേളയിലൊന്നും അനുമതി ലഭിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് കവരത്തിയിലെ അഡ്മിനിസ്ടേറ്ററുടെ ഓഫിസില്‍ ഭാരവാഹികളുമായി നേരിട്ട് ചര്‍ച്ച നടത്താമെന്ന് അഡ്മിനിസ്ടേറ്റര്‍ അറിയിച്ചിട്ടുണ്ട്. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തുകയാണ് പ്രഫുല്‍ പട്ടേലിന്‍റെ ഉദ്ദേശം.

പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുല്‍ പട്ടേലിന് അനുവദിച്ചിട്ടുള്ളത്. നേരത്തെ എയര്‍ഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ സാമ്ബത്തിക ധൂര്‍ത്ത് വാര്‍ത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിരുന്നു.

ലക്ഷദ്വീപിലെ ജനദ്രോഹ നടപടികള്‍ക്കെതിരായ പൊതുതാല്‍പ്പര്യഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. സേവ് ലക്ഷദ്വീപ് ഫോറത്തിനു വേണ്ടി ദ്വീപ് എം.പി, മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കും. മറ്റ് ഹരജികള്‍ 29 ന് പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് മാറ്റി.

Related News