Loading ...

Home USA

ഐഎപിസി നാലാമത് ഇന്‍റർനാഷണൽ മാധ്യമ സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

ഫിലഡൽഫിയ: രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് മാധ്യമങ്ങളെന്ന് കേരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷണൻ. ഇന്തോ അമേരിക്കൻ പ്രസ്ക്ലബി (ഐഎപിസി) ന്‍റെ നാലാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഫിലഡൽഫിയയിലെ റാഡിസണ്‍ ഹോട്ടൽ കണ്‍വൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മാധ്യമങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തമായിട്ടുള്ളത്. പത്രമാധ്യമരംഗത്ത് ഏറ്റവും കൂടുതൽ പ്രവാസികളും സംഘടനകളും പ്രവർത്തിക്കുന്നത് അമേരിക്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സംസ്കാരം വളരെ വിപുലവും വൈവിധ്യം നിറഞ്ഞതുമാണ്. ഓരോ നിമിഷവും വൈവിധ്യത്തിൽ ചേർന്നുനിൽക്കുന്നതാണ് സംസ്കാരം. നമ്മുടെ ആർജിത മൂലധനം കൂടിയാണത്. നമ്മുടെ സംസ്കാരത്തിൽ എല്ലാവർക്കും ചേരാവുന്നതാണ്. ഇന്ത്യ വലുതാണ് അതുപോലെ അതിന്‍റെ സംസ്കാരവും അതിനെ താഴ്ത്താൻ ആരും നേക്കേണ്ടതില്ല. രാജ്യത്തിന്‍റെ സംസ്കാരം സംരക്ഷിക്കാൻ നാം തയാറാകണം. സാംസ്കാരിക മറവിരോഗമാണ് സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഠിനാധ്വാനം ചെയ്യാൻ തയാറുള്ളവർക്കെല്ലാം എല്ലാം നൽകിയ രാജ്യമാണ് അമേരിക്കയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐഎപിസി ചെയർമാൻ ബാബു സ്റ്റീഫൻ പറഞ്ഞു. മഹത്തരമായ സംസ്കാരമാണ് ഇന്ത്യയ്ക്കുള്ളതെന്നും അത് ഉയർത്തിപ്പിടിക്കാൻ മാധ്യമങ്ങൾ തയാറാകണം. എവിടെയായാലും മറക്കരുതാത്തതാണ് നമ്മുടെ മാതൃഭാഷയാണ്. ഐഎപിസി വളർച്ചയുടെ ഘട്ടത്തിലാണെന്നും നാലുവർഷം കൊണ്ട് നിരവധി കാര്യങ്ങൾ സമൂഹത്തിന് ചെയ്യാൻ ഐഎപിസിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങളുടെ പ്രവർത്തനമിപ്പോൾ കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ന്യൂജേഴ്സി കൗണ്‍സിലർ സ്റ്റർലി സ്റ്റാൻലി പറഞ്ഞു. ഐഎപിസി വളർന്നുകൊണ്ടിരിക്കുകയാണെന്നും നാലുവർഷം കൊണ്ട് ഐഎപിസി ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 

ജിൻസ് മോൻ പി. സക്കറിയ, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഫ്രാൻസീസ് ക്ലീറ്റസ്, ഐഎപിസി ഡയറക്ടർ സുനിൽ ജോസഫ് കൂഴന്പാല, മീഡിയ വണ്‍ ചീഫ് എഡിറ്റർ സി.എൽ. തോമസ്, കെപിസിസി മീഡിയ കോഓർഡിനേറ്റർ പി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: മാത്തുക്കൂട്ടി ഈശോ



Related News