Loading ...

Home National

ഐ.എസ്.ആര്‍.ഒ കേസ്: സി.ബി.ഐക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐക്ക് പച്ചക്കൊടി. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രിംകോടതി അറിയിച്ചു. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയത്.

ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ല. എന്നാല്‍ സി.ബി.ഐക്ക് അതിന്മേല്‍ അന്വേഷണമായി പോകാമെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.അതേസമയം, അന്വേഷണ വിവരങ്ങള്‍ സിബിഐ പരസ്യപ്പെടുത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രമാകരുത് സിബിഐ അന്വേഷണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗൂഡാലോചന കേസ്.

കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി വീണ്ടും പരിഗണിച്ചത്. ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയോട് സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ചാരക്കേസ് ഗൂഢാലോചനയിലെ രണ്ട് പ്രതികള്‍ക്ക് കേരള ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്ബി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കാണ് രണ്ടാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അമ്ബതിനായിരം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ പതിനൊന്നാം പ്രതി പി എസ് ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് രണ്ടാഴ്ചത്തേക്ക് നീട്ടിയ കോടതി കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന നമ്ബി നാരായണന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചാരക്കേസില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുക മാത്രമാണ് പൊലിസ് ഉദ്യോഗസ്ഥരായിരുന്ന തങ്ങള്‍ ചെയ്തതെന്നും ഗൂഡാലോചന കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നുമാണ് ഒന്നും രണ്ടും പ്രതികളുടെ വാദം. എന്നാല്‍ നമ്ബി നാരായണനെ കേസില്‍പ്പെടുത്താന്‍ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇല്ലാത്ത തെളിവുകളുടെ പേരില്‍ നമ്പി  നാരായണനെ അറസ്റ്റ് ചെയ്ത ഗൂഡാലോചനയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പ്രധാന പങ്കുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Related News