Loading ...

Home National

പെഗാസസ്; റോ, ഇ.ഡി ഉദ്യോഗസ്ഥരുടെയും കെജ്‌രിവാളിന്റെ പി.എയുടേയും ഫോണ്‍ ചോര്‍ത്തി

ന്യുഡല്‍ഹി: ഇസ്രായേല്‍ കമ്ബനിയായ എന്‍.എസ്.ഒയുടെ ചാരസോഫ്‌വേര്‍ ഉപയോഗിച്ചുളള ഫോണ്‍ ചോര്‍ത്തലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ആയ മുന്‍ ഐ.എ.എസ് ഓഫീസര്‍, റോ ഉദ്യോഗസ്ഥര്‍, 2-ജി സ്‌പെക്‌ട്രം കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് 'ദ വയര്‍' ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗിന്റെ രണ്ട് ഫോണുകളും അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ പേരിലുള്ള നാല് നമ്ബറുകളും ചോര്‍ത്തിയെന്ന് ദ വയര്‍ പറയുന്നു. 2009 മുതല്‍ ഇ.ഡിയില്‍ പ്രവര്‍ത്തിക്കുന്ന സിംഗ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓഫീസറാണ്. 2 ജി സ്‌പെക്‌ട്രം കേസ് മുതല്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും മകന്‍ കാര്‍ത്തിചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍ -മാക്‌സിസ് കേസ് വരെ അന്വേഷിച്ച സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു. 2017 മുതല്‍ 2019 പകുതിവരെ ഇദ്ദേഹം നിരീക്ഷണത്തിന് വിധേയമായിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കം നിരവധി മാധ്യമ സ്ഥാപനങ്ങളാണ് പെഗാസസ് അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മുന്‍ ഐ.എ.എസ് ഓഫീസറായ വി.കെ ജയിന്‍ ആണ് ചോര്‍ത്തലിന് ഇരയായ മറ്റൊരു ഉന്നതന്‍. കെജ്‌രിവാളിന്റെ പി.എ ആണിദ്ദേഹം. 2018ലാണ് ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്ബര്‍ ചോര്‍ത്തല്‍ പട്ടികയില്‍ വന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിതി അയോഗിലെയും ഓരോ ഉന്നതരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടു. 2017ല്‍ മോദിയുടെ വിദേശപര്യടനങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതോടെയാണ് എന്‍.എസ്.ഒ ഗ്രൂപ്പ് ഇദ്ദേഹത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്.

രാജേശ്വര്‍ സിംഗിന്റെ സഹോദരിയും അഭിഭാഷകയുമായ ആഭ സിംഗും ചോര്‍ത്തലിന് വിധേയയായി. ബോംബെ ഹൈക്കോടതിയില്‍ പ്രമാദമായ കേസുകളില്‍ ഹാജരായിട്ടുള്ളയാളാണ് ആഭ സിംഗ്. 208-19 വര്‍ഷത്തില്‍ ഇവര്‍ ഉപയോഗിച്ച ഫോണ്‍ ആണ് ചോര്‍ത്തപ്പെട്ടത്. ഇത് പിന്നീട് ഇവരുടെ മകനാണ് ഫോണ്‍ ഉപയോഗിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, രണ്ട് കേന്ദ്രമന്ത്രിമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, 40 ഓളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ചോര്‍ത്തലിന് വിധേയരായത്.












Related News