Loading ...

Home National

കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കണക്കില്ലെന്ന് കേന്ദ്രം;കണക്ക് പുറത്തുവിട്ട് പഞ്ചാബ് സര്‍ക്കാര്‍


ജലന്ധര്‍ | പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം കേന്ദ്രത്തിന്റെ കയ്യിലില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ വ്യക്തമാക്കിയതിന് പിന്നാലെ കണക്ക് പുറത്ത് വിട്ട് പഞ്ചാബ് സര്‍ക്കാര്‍. ഇപ്പോഴും തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ 220 കര്‍ഷകരും കാര്‍ഷിക തൊഴിലാളികളും മരിച്ചതായും അവരുടെ കുടുംബങ്ങള്‍ക്ക് 10.86 കോടി രൂപ സഹായധനമായി നല്‍കിയതായും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

ജൂലൈ 20 വരെ മരിച്ചവരില്‍ 203 പേര്‍ മല്‍വാ പ്രദേശത്തുനിന്നും 11 പേര്‍ മജ്ഹാ പ്രദേശത്തുനിന്നും ആറുപേര്‍ ദവോബയില്‍ നിന്നുമാണെന്നും സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവില്‍ 400 കര്‍ഷകര്‍ മരിച്ചിട്ടുണ്ടെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പരിശോധനയിലാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

സംഘ്രൂര്‍ ജില്ലയിലാണണ് കൂടുതല്‍ മരണങ്ങള്‍. ഇവിടെ 43 മരണങ്ങള്‍ സംഭവിക്കുകയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപാ വീതം ആകെ 2.13 കോടി രൂപ നല്കിയതായും സര്‍ക്കാര്‍ രേഖകളില്‍ പറയുന്നു. രണ്ട് ഡസനിലേറെ മരണങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

18 മുതല്‍ 85 വയസ്സുവരെ എല്ലാ പ്രായത്തിലുള്ളവര്‍ മരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ മരണം 40 നും 60 ഇടയിലുള്ളവരിലാണ്.
കര്‍ഷക സംഘടനകളും മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും 500 ലേറെ പേര്‍ ഇതുവരെ മരിച്ചിരിക്കാമെന്നും അതില്‍ 85% ത്തിലേറെപ്പേര്‍ പഞ്ചാബില്‍ നിന്നാണെന്നും കര്‍ഷകനേതാക്കള്‍ പറഞ്ഞു. പഞ്ചാബില്‍ പ്രദേശിക പ്രക്ഷോഭങ്ങളില്‍ മരിച്ചവരും ഈ ലിസ്റ്റിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പഞ്ചാബ് സര്‍ക്കാര്‍ മാത്രമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

Related News