Loading ...

Home Kerala

സര്‍ക്കാര്‍ ഉത്തരവനുസരിച്ചു പട്ടയ ഭൂമിയില്‍നിന്ന്‌ മരം മുറിച്ച 156 കര്‍ഷകര്‍ക്കെതിരേ വനംവകുപ്പ്‌ കേസെടുത്തു

നേര്യമംഗലം : സര്‍ക്കാര്‍ ഉത്തരവനുസരിച്ചു പട്ടയ ഭൂമിയില്‍നിന്ന്‌ മരം മുറിച്ച 156 കര്‍ഷകര്‍ക്കെതിരേ വനംവകുപ്പ്‌ കേസെടുത്തു. നേര്യമംഗലം ഫോറസ്‌റ്റ്‌ റേഞ്ചിന്റെ കീഴിലെ ഇഞ്ചത്തൊട്ടി, നഗരംപാറ, വാളറ ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ പരിധിയിലെ കര്‍ഷകര്‍ക്കെതിരേയാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. അറസ്‌റ്റ്‌ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഇവര്‍ കോടതിയില്‍ വിചാരണ നേരിടേണ്ടി വരും.

റവന്യു ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലായിരുന്നു പട്ടയഭൂമിയില്‍നിന്ന്‌ കര്‍ഷകര്‍ മരം മുറിച്ചത്‌. തടി കൊണ്ടുപോകാന്‍ അനുവദിച്ച പാസുകള്‍ റദ്ദാക്കിയാണു കേസെടുത്തത്‌. ഇഞ്ചത്തൊട്ടിയില്‍ 62, നഗരംപാറയില്‍ 68, വാളറയില്‍ 26 കര്‍ഷകര്‍ക്ക്‌ എതിരെയാണ്‌ കേസ്‌. ഇടുക്കി, എറണാകുളം ജില്ലകളിലായാണ്‌ നേര്യമംഗലം ഫോറസ്‌റ്റ്‌ റേഞ്ച്‌ വ്യാപിച്ച്‌ കിടക്കുന്നത്‌. വിവിധ ഫോറസ്‌റ്റ്‌ ഓഫീസുകളുടെ പരിധിയില്‍ വരുന്ന ഇടുക്കി, അടിമാലി, കോതമംഗലം കോടതികളിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

2020 മാര്‍ച്ചിലാണ്‌ പട്ടയഭൂമിയില്‍നിന്ന്‌ മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക്‌ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കിയത്‌. ഉത്തരവിന്റെ മറവില്‍ വ്യാപക വനംകൊള്ള നടന്നതോടെ സംഭവം വിവാദമായി. പരിസ്‌ഥിതി സംഘടനകളും പ്രതിപക്ഷവും വിഷയം ഏറ്റെടുത്തതോടെ കര്‍ഷകര്‍ക്ക്‌ എതിരെ നടപടിയുമായി സര്‍ക്കാര്‍ രംഗത്തുവരികയായിരുന്നു. നേരത്തെ മരംമുറിക്ക്‌ അനുമതി നല്‍കിയെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
പിന്നീട്‌ സ്‌റ്റേ നീങ്ങിയതോടെ 2020 ഒക്‌ടോബര്‍ 24 ന്‌ റവന്യു ചീഫ്‌ സെക്രട്ടറി പട്ടയഭൂമിയിലെ ചന്ദനം, ഈട്ടി ഒഴികെ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ, താനെ കിളിര്‍ത്തതോ ആയ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിറക്കി. ഇതോടെയാണ്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരം മുറിച്ചത്‌. ഇവ കൊണ്ടുപോകുന്നതിനുള്ള പാസും ബന്ധപ്പെട്ടവര്‍ നല്‍കിയിരുന്നു. സംഭവം വിവാദമായതിന്‌ പിന്നാലെ അന്വേഷണം പ്രഖ്യാപിക്കുകയും കര്‍ഷകര്‍ക്ക്‌ എതിരെ കേസെടുക്കാന്‍ ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു.

എന്നാല്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ മടിച്ച്‌ നിന്നതോടെ കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. കര്‍ഷകര്‍ക്ക്‌ എതിരേ കേസെടുക്കാന്‍ വിമുഖത കാണിക്കുന്ന വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സമയബന്ധിതമായി നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ച്‌ ഉന്നത വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ താഴെ തട്ടിലേക്ക്‌ സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ കര്‍ഷകര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്‌.

Related News