Loading ...

Home Kerala

ശല്യമാകുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക്​ അനുമതി നല്‍കണമെന്ന്​ ഹൈകോടതി


കൊച്ചി: കാട്ടുപന്നികള്‍ വ്യാപക കൃഷി നാശമുണ്ടാക്കുന്ന മേഖലയില്‍ കൊല്ലാന്‍ കര്‍ഷകര്‍ക്ക്​ വൈല്‍ഡ്​ ലൈഫ്​​ ചീഫ്​ വാര്‍ഡന്‍ അനുമതി നല്‍കണമെന്ന്​ ഹൈകോടതി. കാട്ടുപന്നി ശല്യത്തിനെതിരായ നടപടി ഫലപ്രദമാകാത്ത സാഹചര്യവും കര്‍ഷകര്‍ നേരിടുന്ന ഭീഷണിയും വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാറിന്‍റെ ഉത്തരവ്​​. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നുവെന്നും വന്യജീവി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലംകാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പത്തനംതിട്ട, മലപ്പുറം, കോഴി​ക്കോട്​ ജില്ലകളിലെ ഒരുകൂട്ടം കര്‍ഷകര്‍ക്ക്​ അനുമതി നല്‍കാനാണ്​ ഇടക്കാല ഉത്തരവിലെ നിര്‍ദേശം.

കാട്ടുപന്നി ശല്യം രൂക്ഷമായിടങ്ങളില്‍ വന്യജീവി സംരക്ഷണ നിയമം 62ാം വകുപ്പ്​ പ്രകാരം ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജി. വന്യജീവികള്‍ ജീവനും കൃഷിയടക്കം സ്വത്തിനും ഭീഷണിയാവുന്നിടങ്ങളില്‍ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാല്‍ അവയെ നശിപ്പിക്കാന്‍ കര്‍ഷകര്‍ക്ക്​ സാധിക്കുമെന്ന്​ 2020 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്​ മുമ്ബാകെ ഉന്നയിച്ചിരുന്നതായി ഹരജിയില്‍ പറയുന്നു. എന്നാല്‍, പഞ്ചായത്തീരാജ്​ നിയമ പ്രകാരമുള്ള നടപടികളിലൂടെ ശല്യം പരിഹരിക്കാനുള്ള നിര്‍ദേശത്തോടെ മടക്കി. ഈ വര്‍ഷം വീണ്ടും ആവശ്യമുന്നയിച്ച്‌​ സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്​.

വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(ബി) വകുപ്പ്​ പ്രകാരം എവിടെയെങ്കിലും വന്യജീവികള്‍ മനുഷ്യജീവനോ കാര്‍ഷിക വിളകളടക്കം സ്വത്ത്​ മുതലുകള്‍ക്കോ നാശം വരുത്തുന്നുണ്ടെന്ന്​ ബോധ്യമായാല്‍ ആ മേഖലയില്‍ ആ വന്യമൃഗങ്ങളെ ഒറ്റക്കോ കൂട്ടാ​യോ വേട്ടയാടാന്‍ അവിടത്തെ തമാസക്കാര്‍ക്ക്​ രേഖാമൂലം അനുമതി നല്‍കാമെന്നാണ്​ സര്‍ക്കാര്‍ നിലപാടെന്ന്​ കോടതി ചൂണ്ടിക്കാട്ടി. സമീപവാസികള്‍ക്ക്​ കാട്ടുപന്നി വലിയ ശല്യമായതിനാല്‍ സര്‍ക്കാര്‍തന്നെ അവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​​ നിര്‍ദേശം​. ഒരുമാസത്തിനകം നടപ്പാക്കണം.

Related News