Loading ...

Home National

മഹാരാഷ്ട്രയില്‍ മണ്ണിടിച്ചില്‍; മരണം 36 ആയി, 30 പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. റായ്ഗഡ് ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലും 36 പേര്‍ മരിച്ചു. 30 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 32 പേര്‍ തലൈയിലും നാല് പേര്‍ സഖര്‍ സുതാര്‍ വാദിയിലുമാണ് മരിച്ചതെന്ന് ജില്ലാ കലക്ടര്‍ നിധി ചൗധരി അറിയിച്ചു. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡുകളില്‍ വെള്ളംകയറി ഗതാഗതം സ്തംഭിച്ചത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കി. മുംബൈയിലെ ഗോവന്ദി മേഖലയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ മരണമടഞ്ഞു. ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ചിപ്ലണിലെ മിര്‍ജോലി മേഖലയില്‍ കുടുങ്ങിക്കിടന്ന 56 ഗ്രാമീണവരെയും കന്നുകാലികളെയും രക്ഷപ്പെടുത്തി.

എന്‍.ഡി.ആര്‍.എഫിന്റെ നാല് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രത്‌നഗിരി ജില്ലയിലെ മലയോര മേഖലയില്‍ കുടുങ്ങിക്കിടക്കുന്നരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചു. മഹാരാഷ്ട്ര ബംഗലൂരു, ഗോവ ദേശീയപാതകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. മഹാരാഷ്ട്രയ്ക്കു പിന്നാലെ കര്‍ണാടകയിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തതോടെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഗോദാവരി, കൃഷ്ണ നദികള്‍ കരകവിഞ്ഞൊഴുകാനുള്ള സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം. റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷ പരിശോധിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

Related News