Loading ...

Home sports

വില്ലനായത് ബൂട്ടോ? by ഇ സുദേഷ്

ആദ്യമായി ഒരു ഫിഫ ലോകകപ്പിൽ പന്ത് തട്ടാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ അധികമാരും ഓർക്കാത്ത ഒരു കൂട്ടരുണ്ട്. 1950ൽ ലോകകപ്പിന് യോഗ്യത നേടിയിട്ടും കളിക്കാനാകാതെ പോയ അന്നത്തെ ഇന്ത്യൻ താരങ്ങൾ. ബ്രസീൽ ആതിഥ്യം വഹിച്ച ലോകകപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത പിൻവാങ്ങൽ. അന്ന് ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ രണ്ടു മലയാളി താരങ്ങൾ ടീമിലുണ്ടാകുമായിരുന്നു. പ്രതിരോധത്തിലെ ഉരുക്കുമനുഷ്യനായ തിരുവല്ല പാപ്പൻ എന്ന തേൻമഠത്തിൽ മത്തായി വർഗീസും കോട്ടയം സാലി എന്ന പി എം അബ്ദുൾ സലേയും. ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലമായിരുന്നു 194060 കാലഘട്ടം. 1948ൽ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യ 1951ൽ ഏഷ്യൻ ഗെയിംസ് കിരീടം നേടി. തൊട്ടടുത്ത വർഷം ഹെൽസിങ്കി ഒളിമ്പിക്‌സിൽ നാലാമതെത്തി. ഈ കാലയളവിൽ പാപ്പനും സാലിയും ഇന്ത്യൻ ടീമിലെ പതിവുകാരായിരുന്നു. ലോകകപ്പിൽനിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം അങ്ങനെ കേരള ഫുട്‌ബോളിനും തീരാനഷ്ടമായി. ഇന്ന് ഇന്ത്യ ആതിഥേയരാകുന്ന അണ്ടർ 17 ലോകകപ്പിൽ മലയാളിയായ കെ പി രാഹുൽ കളിക്കുന്നു. കേരളത്തിലെ ആദ്യ ഫുട്‌ബോൾ ലോകകപ്പ് താരം എന്ന ബഹുമതി ഈ തൃശൂരുകാരൻ പയ്യൻ സ്വന്തമാക്കി. പുതുതലമുറയ്ക്ക് തീർത്തും അപരിചിതരും മറവിയിലേക്ക് മറയുന്നവരുമായ പാപ്പനെയും സാലിയെയും ഈ അവസരത്തിൽ ഓർക്കാം. മുപ്പതുകളിൽ കേരളം കാൽപ്പന്ത് കളിച്ചുതുടങ്ങി ഒട്ടും ൈവകാതെ ഉദിച്ചുയർന്ന താരങ്ങളാണ് പാപ്പനും സാലിയും. വഴികാട്ടികളില്ലാതിരുന്ന കാലത്ത് കളത്തിലിറങ്ങി പിന്നാലെ വരുന്നവർക്ക് മാതൃകയായ കേരള ഫുട്‌ബോളിലെ വന്മരങ്ങൾ. 1951ലെ ഏഷ്യാഡ് ടീമിലും മറ്റും ഒരുമിച്ച് കളിച്ച ഇവർ തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് ആർക്കും അറിവില്ല. ഒരാൾ മുംബൈയിലും മറ്റൊരാൾ കൊൽക്കത്തയിലുമായിരുന്നതിനാൽ വലിയ അടുപ്പത്തിന് അവസരമുണ്ടായിരുന്നിരിക്കില്ല.

  കെ പി രാഹുൽ
ബൂട്ടിട്ട് കളിക്കണമെന്ന നിബന്ധന കൊണ്ടുവന്നതിനാലാണ് ഇന്ത്യ ബ്രസീലിൽ പോകാതിരുന്നത് എന്നതാണ് പ്രചാരത്തിലുള്ള പ്രധാന കാരണം. എന്നാൽ, ഇതു സംബന്ധിച്ച് ഇന്നും തർക്കങ്ങളുണ്ട്. മറ്റു പല വാദങ്ങളും ലോകകപ്പ് നഷ്ടത്തിനു കാരണമായി പറയുന്നു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ലോകകപ്പിനേക്കാൾ ഒളിമ്പിക്‌സായിരുന്നു പ്രധാനമെന്നും അതിനാലാണ് പോകാതിരുന്നതെന്നും ചിലർ പറയുന്നു. ദീർഘയാത്രയുടെ ചെലവ് താങ്ങാൻ എഐഎഫ്എഫ് തയ്യാറല്ലായിരുന്നുവെന്നും പറയുന്നു. പരിശീലനത്തിനുള്ള സമയക്കുറവായിരുന്നു കാരണമെന്നും അഭിപ്രായമുണ്ട്.

ഗോളടിപ്പിക്കാത്ത പാപ്പൻ

കേരളത്തിന്റെ ആദ്യ ഫുട്‌ബോൾ സൂപ്പർതാരം തിരുവല്ല പാപ്പനാണ്. ആറടി ഉയരവും മെലിഞ്ഞ രൂപവുമായി വർഷങ്ങളോളം ഇന്ത്യൻ ടീമിന്റെ പ്രതിരോധം കാത്ത കേമനായ സ്റ്റോപ്പർ ബാക്ക്. ''കളിക്കളത്തിൽ കണിശക്കാരനും കടുപ്പക്കാരനുമായിരുന്നു. എതിരാളി ഗോളടിക്കുന്നത് തടയാൻ അദ്ദേഹം എന്തു മാർഗവും സ്വീകരിക്കും'' ഒളിമ്പ്യൻ ഒ ചന്ദ്രശേഖരന്റെ വാക്കുകൾ പാപ്പന്റെ കളത്തിലെ ഗാംഭീര്യത്തിന്റെ വ്യക്തമായ ചിത്രമാകുന്നു.
 തിരുവല്ല പാപ്പൻ
തിരുവല്ല ചന്തമുക്കിലെ ഓലമേ വീട്ടിൽനിന്ന് വളർന്ന് ലോകഫുട്‌ബോളിന്റെ തിരുമുറ്റങ്ങളിൽ ഇന്ത്യയെ പൊന്നുപോലെ കാത്ത പാപ്പൻ ഇന്നും തിരുവല്ലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്. തിരുവല്ല എംജിഎം സ്‌കൂൾ മൈതാനത്താണ് പന്തുതട്ടി പഠിച്ചത്. എതിരാളിയെ ഗോളടിപ്പിക്കാതിരിക്കുന്നതിലായിരുന്നു പാപ്പന് അന്നേ കമ്പം. ചില പ്രാദേശിക ടൂർണമെന്റുകളിൽ പാപ്പന്റെ കളി കാണാനിടയായ തിരുവിതാംകൂർ സംസ്ഥാനത്തെ ആദ്യ ഐജി ഖാൻ ബഹാദൂർ അബ്ദുൾ കരീം സാഹിബ് പൊലീസ് ടീമിലേക്ക് ക്ഷണിച്ചു. തിരുവിതാംകൂർ പൊലീസിലെത്തിയതോടെ കളി തേച്ചുമിനുക്കി. ഈ കാൽക്കരുത്ത് ഇവിടെ ഒതുങ്ങാനുള്ളതല്ലെന്നു തിരിച്ചറിഞ്ഞ, തിരുവല്ലയിൽനിന്നുതന്നെയുള്ള മറ്റൊരു പ്രഗത്ഭതാരം വി ജി വർഗീസ് പാപ്പനെ ബോംബെയിലേക്ക് കൂട്ടി. ഇന്ത്യ സ്വതന്ത്രയാകുന്നതിന് ഏതാനും വർഷംമുമ്പായിരുന്നു അത്. അന്നത്തെ വമ്പൻ ടീമായ ബോംബെ ടാറ്റാ സ്‌പോർട്‌സ് ക്ലബ്ബിൽ എത്തിയതോടെ പാപ്പനെന്ന കളിക്കാരൻ പൂർണതയിലേക്കുയർന്നു. രാജ്യത്തെ പ്രധാന ഫുട്‌ബോൾകേന്ദ്രമായിരുന്ന മുംബൈയിൽനിന്ന് ദേശീയടീമിലേക്ക് വഴി എളുപ്പമായി.
   തിരുവല്ല പാപ്പനും ഭാര്യ സാറാമ്മയും
1942 മുതൽ 52 വരെ തുടർച്ചയായി ദേശീയടീമിൽ കളിച്ചു. 1948 ലണ്ടൻ ഒളിമ്പിക്‌സിലൂടെ കേരളത്തിന്റെ ആദ്യ ഫുട്‌ബോൾ ഒളിമ്പ്യനുമായി. 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാൻതാരവുമായി കൂട്ടിയിടിച്ച് പാപ്പന്റെ മൂക്കിൽനിന്ന് ചോരചീറ്റി. റഫറി കളത്തിൽനിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തൂവാലകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് കളി പൂർത്തിയാക്കി. 
ഒളിമ്പിക്‌സ് കളിച്ച് നാട്ടിലെത്തിയ പാപ്പന് തിരുവല്ലയിൽ ഗംഭീര സ്വീകരണം നൽകിയിരുന്നു. ബൂട്ട് നിർബന്ധമാക്കണമെന്ന നിർദേശം പാപ്പൻ മുന്നോട്ടുവച്ചത് അന്നാണ്. കളിനിർത്തിയശേഷം മഹാരാഷ്ട്ര, ടാറ്റാ ടീമുകളുടെ പരിശീലകനായി.
“മുംബൈയിൽനിന്ന് ഇടയ്ക്ക് കുടുംബസമേതം നാട്ടിൽ വരുമായിരുന്നു. വലിയ ആരാധനയോടെയാണ് നാട്ടുകാർ അന്ന് കണ്ടിരുന്നത്. അപ്പോൾ എംജിഎം സ്‌കൂൾ മൈതാനത്ത് കളിക്കാറുണ്ട്. പാപ്പൻ ഗോളിക്കു മുന്നിൽ നിലയുറപ്പിച്ചാൽ എതിരാളികൾക്ക് ഗോളടിക്കാനാകില്ല. അദ്ദേഹം പന്ത് കാലിലെടുക്കുന്നതിനും അടിക്കുന്നതിനും ഒരു പ്രത്യേക നിലവാരവും ചന്തവും ഉണ്ടായിരുന്നു'' പാപ്പന്റെ ഭാര്യയുടെ സഹോദരന്റെ മകനും ഫുട്‌ബോൾ പ്രേമിയുമായ മംഗലശേരിയിൽ വർഗീസ് ജേക്കബ് ഓർത്തെടുക്കുന്നു. 
1979ൽ അറുപതാം വയസ്സിൽ മുംബൈയിൽവച്ചായിരുന്നു മരണം. അവിടെത്തന്നെ സംസ്‌കാരവും നടന്നു. ഭാര്യ സാറാമ്മ കഴിഞ്ഞവർഷം മരിച്ചു. ഇവർക്ക് നാല് പെൺമക്കളും ഒരു മകനും. മകൻ മരിച്ചു. രണ്ടു പെൺമക്കൾ അമേരിക്കയിലും ഒരാൾ ഗൾഫിലും. മറ്റൊരാൾ എറണാകുളം തേവരയിലുണ്ട്. 1979ൽ പാപ്പന്റെ പേരിൽ തിരുവല്ലയിൽ ഒരു ഫുട്‌ബോൾ ടൂർണമെന്റ് നടന്നെങ്കിലും സാമ്പത്തികപ്രയാസത്തിന്റെ പേരിൽ മുടങ്ങി.

ഗോളടിക്കുന്ന സാലി

അമ്പതുകളിൽ ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്കയായ കൊൽക്കത്തയിൽ കളിക്കാൻ പോയി അന്നത്തെ വമ്പൻ ക്ലബ്ബായ ഈസ്റ്റ്ബംഗാളിന്റെ നായകനായ വീരചരിത്രമാണ് കോട്ടയം സാലി എന്ന പി എം അബ്ദുൾ സലേയുടേത്. കൊൽക്കത്തയിൽ പോയി പേരും പെരുമയും നേടിയ ആദ്യ മലയാളി ഫുട്‌ബോൾ താരം. 1948ലെ ഒളിമ്പിക്‌സ് ടീമിൽനിന്ന് അവസാനനിമിഷം തഴയപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിന്റെ ആദ്യ ഫുട്‌ബോൾ ഒളിമ്പ്യൻ എന്ന ബഹുമതി പാപ്പനൊപ്പം പങ്കുവയ്ക്കുമായിരുന്നു. ഹെൽസിങ്കി ഒളിമ്പിക്‌സ് ടീമിലെത്തിയതോടെ കേരളത്തിന്റെ രണ്ടാം ഫുട്‌ബോൾ ഒളിമ്പ്യനായി.
 കോട്ടയം സാലി
മലയാളി പന്തുകളിക്ക് തുടക്കമിട്ട കേന്ദ്രങ്ങളിലൊന്നായ കോട്ടയം സിഎംഎസ് കോളേജ് മൈതാനത്ത്, പ്രീ ഡിഗ്രി പഠനകാലത്താണ് സാലി ഫുട്‌ബോൾ ഗൗരവമായെടുക്കുന്നത്. ഗോളടിക്കാൻ പ്രത്യേകവിരുത് കാട്ടിയ ഇടങ്കാൽ സ്‌പെഷ്യലിസ്റ്റ് കേരള സർവകലാശാല ടീമിലെത്തി. കേരളത്തിലെ ആദ്യകാല ഫുട്‌ബോൾ ടീമായ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ (എച്ച്എംസി) ക്ലബ്ബിനുവേണ്ടിയും അന്ന് കളിച്ചു. ഈ ഗോളടിപ്രാവീണ്യം കാണാനിടയായ ഈസ്റ്റ്ബംഗാൾ ക്ലബ്ബിന്റെ അന്നത്തെ മേധാവി ജെ സി ഗുഹ കൊൽക്കത്തയിലേക്ക് ക്ഷണിച്ചു. പിതാവിന്റെ മരണശേഷം ഗൃഹനാഥനായിരുന്ന മൂത്തസഹോദരൻ എതിർത്തതിനാൽ ഗുഹയുടെ ക്ഷണം നിരസിച്ചു. എന്നാൽ, സാലിയെ വിട്ടുകളയാൻ ഗുഹ ഒരുക്കമല്ലായിരുന്നു. അക്കാലത്ത് കേരള കായികരംഗത്തിന്റെ എല്ലാമെല്ലാമായിരുന്ന ജി വി രാജയോട് ഇക്കാര്യത്തിൽ ഇടപെടാൻ ഗുഹ അഭ്യർഥിച്ചു. കൊൽക്കത്തയിൽ പഠനാവസരവും ജോലിയും നൽകുമെന്ന് ജി വി രാജ വാക്ക് നൽകിയപ്പോൾ സഹോദരൻ അയഞ്ഞു. സാലി വണ്ടി കയറി. 1944 മുതൽ 53 വരെ ഈസ്റ്റ്ബംഗാൾ മുന്നേറ്റത്തിലെ കുന്തമുനയായി നിലകൊണ്ടു. സാലിയുടെ ഇടങ്കാലൻ ഷോട്ടുകൾ അക്കാലത്തെ ഗോളികൾക്ക് ഭയമായിരുന്നു. മോഹൻബഗാനും ബോംബെ ടാറ്റാസും സാലിക്കായി പലതവണ ശ്രമം നടത്തിയെങ്കിലും ഈസ്റ്റ്ബംഗാൾ വിട്ടുകൊടുത്തില്ല. വിഭജനകാലത്ത് ബംഗാളിൽ പിടിച്ചുനിൽക്കാൻ അനുഭവിച്ച ദുരിതങ്ങൾ സാലി പറഞ്ഞിട്ടുണ്ട്.
      കോട്ടയം സാലിയുടെ ഭാര്യ സൈനബ മകൻ നിയാസിനും ഭാര്യയ്ുമൊം
കളിക്കളത്തിലും പുറത്തും മാന്യതയുടെ ആൾരൂപമായിരുന്നുവെന്ന് അന്നത്തെ മാധ്യമറിപ്പോർട്ടുകളും ചില സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. ബിരുദധാരിയായ സാലി കളി മതിയാക്കി കസ്റ്റംസിൽ ജോലിക്ക് കയറിയശേഷം ഫുട്‌ബോളിൽ സജീവമായി ഇടപെട്ടില്ല. 1977ൽ പെലെ കൊൽക്കത്തയിൽ വന്നപ്പോൾ സ്വീകരിക്കാൻ അധികൃതർ ചുമതലപ്പെടുത്തിയത് സാലിയെയാണ്.
തന്റെ കളിക്കാലത്തെക്കുറിച്ച് സംസാരിക്കാൻ സാലി വിമുഖനായിരുന്നുവെന്ന് മകൻ നിയാസ് ഓർക്കുന്നു. കളിക്കളം വിട്ടശേഷം 1957ലായിരുന്നു വിവാഹം. ഭാര്യ സൈനബയുടെ ശേഖരത്തിൽ ഒളിമ്പിക്‌സ്, ഏഷ്യാഡ് മെഡലുകളുണ്ട്. 25 വർഷംമുമ്പ് സാലിയുടെ കോട്ടയം പുളിമൂട്ടിലെ വീട് കുത്തിപ്പൊളിച്ച് മോഷണം നടന്നു. കുറെ ട്രോഫികളും മറ്റും അന്ന് നഷ്ടമായി. കേസ് കൊടുത്തെങ്കിലും തുമ്പുണ്ടായില്ല. കൊൽക്കത്തയിൽനിന്ന് എല്ലാവർഷവും കുടുംബവുമൊത്ത് നാട്ടിൽ വരുമായിരുന്നു. 1979ൽ ഇങ്ങനെവന്ന് മടങ്ങുമ്പോഴാണ് ട്രെയിനിൽവച്ച് ഹൃദയാഘാതമുണ്ടായത്. മദ്രാസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 52 വയസ്സുമാത്രമായിരുന്നു പ്രായം. 
പുളിമൂട്ടിലെ വീട് രണ്ടുവർഷംമുമ്പ് പൊളിച്ചുനീക്കി. നിയാസും കുടുംബവും അമ്മയ്ക്കൊപ്പം കാക്കനാട്ടാണ് താമസം. കൊൽക്കത്തയിൽനിന്ന് മൂന്നുവർഷംമുമ്പാണ് കേരളത്തിലേക്ക് മടങ്ങിയത്. മകൾ കുടുംബസമേതം ചെന്നൈയിലാണ്. കോട്ടയത്ത് സാലി മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് രണ്ടു വർഷംമുമ്പുവരെ നടന്നിരുന്നു. സാമ്പത്തികപ്രയാസത്തിന്റെ പേരിൽ നിലച്ചു.

esudesh45@gmail.com

Related News