Loading ...

Home Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;സി.പിഎം നേതൃത്വത്തിലുള്ള കൊള്ളയെന്ന് പ്രതിപക്ഷം, ഇ.ഡിയും അന്വേഷണത്തിന്

തിരുവനന്തപുരം/തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 104.37 കോടിയുടെ ക്രമക്കേടെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പ്രതിപക്ഷത്തുനിന്നും ഷാഫി പറമ്ബില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബാങ്കില്‍ നിന്നും വായ്പ എടുത്തയാളുടെ ആത്മഹത്യയും അന്വേഷിക്കും. സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കേരളം കണ്ട സഹകരണ മേഖലയിലെ ഏറ്റവും വലിയ കൊള്ളയാണ് സി.പിഎമ്മിന്റെ നേനൃത്വത്തില്‍ നടന്നിരിക്കുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും ഭരണസമിതി പിരിച്ചുവിട്ടില്ലെന്നും ഷാഫി പറമ്ബില്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. സമാന്തര സര്‍ക്കാരായ പാര്‍ട്ടി നടത്തിയ അന്വേഷണം എന്തായെന്നും പ്രതിപക്ഷം ആരാഞ്ഞു.

മൂന്നു വര്‍ഷമായി സി.പി.എമ്മിന് അറിയാവുന്ന തട്ടിപ്പായിരുന്നു ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പ് അറിഞ്ഞിട്ടും സി.പി.എമ്മും സഹകരണ വകുപ്പും കൂട്ടുനിന്നു. രണ്ട് കോടിയുടെ ക്രമക്കേട് കണ്ടുവെന്ന് പറഞ്ഞ് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ ഈ തട്ടിപ്പില്‍ എന്തു നടപടിയെടുത്തു. 350 കോടി രുപയോളം തട്ടിപ്പ് കണ്ടെത്തിയിട്ടും ഒതുക്കി തീര്‍ക്കാനാണ് സി.പി.എം തൃശൂര്‍ ജില്ലാ നേതൃത്വം ശ്രമിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം നേതൃത്വത്തെ ജില്ലാ നേതൃത്വം അറിയിച്ചോ? തട്ടിപ്പ് നടന്ന വിവരം അറിഞ്ഞിട്ട് പാര്‍ട്ടിയാണോ അന്വേഷിക്കേണ്ടത്. വിവരം പോലസിനെ അറിയിച്ചിരുന്നോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

ഇതിനിടെയില്‍ ഇടപെട്ട് സംസാരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ എഴുന്നേറ്റത് പ്രതിപക്ഷ നേതാവിനെ പ്രകോപിതനാക്കി. മാവേലിക്കര സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പുകളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പറയേണ്ടിവന്നാല്‍ സഭ സ്തംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതിനിടെ, കരുവന്നൂര്‍ ബാങ്ക് നിക്ഷേപ ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസമായി ബാങ്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ഇ.ഡി കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുയാണ്. 512 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന ബാങ്കില്‍ നിന്ന് പണം മറ്റെന്തെങ്കിലും ഇടപാടില്‍ നിക്ഷേപിച്ചോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റില്‍ അടക്കം നിക്ഷേപിച്ച്‌ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന് പരിശോധിക്കും. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടോയെന്നും പരിശോധിക്കും. നോട്ട് നിരോധന സമയത്ത് കള്ളപ്പണം വ്യാപകമായി സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്ന ആരോപണം ശക്തമായിരുന്നു.

വായ്പ തട്ടിപ്പിലെ പണം തേക്കടിയില്‍ റിസോര്‍ട്ട് ബിസിനസില്‍ മുടക്കിയതായി രേഖകള്‍ പുറത്തുവന്നു. ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുക്കുന്നവരെ റിസോര്‍ട്ടില്‍ ഓഹരി എടുപ്പിച്ചിരുന്നു. ഒരു കോടി രൂപ വായ്പ എടുക്കുന്നവരില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഓഹരി എടുക്കുന്നതിന് ബാങ്ക് മാനേജരും സെക്രട്ടറിയും കമ്മീഷനായി കൈപ്പറ്റിയിരുന്നത്.

അതേസമയം, തട്ടിപ്പിന് നേതൃത്വം നല്‍കിയ മാനേജര്‍ ബിജു കരീം മുന്‍മന്ത്രി എ.സി മൊയ്തീന്റെ ബന്ധുവാണെന്നും സി.പി.എം പിന്തുണയോടെയുളള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. സി.പി.എമ്മിന്റെ തൃശൂര്‍ മേഖലയിലെ കള്ളപ്പണം വെളുപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് ഈ ബാങ്ക് എന്ന് ബി.ജെ.പി നേതാവ് എ.നാഗേഷ് പറഞ്ഞു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍, ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം തുടങ്ങി നിരവധി പേര്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ബി.ജെ.പി ഈ ബാങ്കിനു മുന്നില്‍ തട്ടിന്റെ പേരില്‍ പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും നാഗേഷ് പറഞ്ഞു.

Related News