Loading ...

Home National

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: പ്രധാനമന്ത്രിയേയും സിബിഐയേയും എതിര്‍കക്ഷിയാക്കി സുപ്രീംകോടതിയില്‍ ഹർജി


പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയില്‍ ഹർജി . പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ്​ ഹരജിക്കാരന്‍റെ ആവശ്യം.

അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോണ്‍ ചോര്‍ത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹരജിയില്‍ പറയുന്നു.

അതിനിടെ ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന്​ മറുപടി നല്‍കും. ഐ.ടി മന്ത്രി അശ്വനി വൈഷ്​ണവ്​ രാജ്യസഭയിലാണ്​ മറുപടി നല്‍കുക. ഇന്ന്​ ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ ഐ.ടി മന്ത്രി​ പെഗാസസിനെ കുറിച്ച്‌​ പ്രസ്​താവന നടത്തുക.

അതേസമയം ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്‍റെ ഐടി സമിതി പെഗാസസ് വിഷയം ചര്‍ച്ച ചെയ്യും. സമിതി അധ്യക്ഷനായ ശശി തരൂര്‍ എംപി പെഗാസസില്‍ നേരത്തെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈയില്‍ നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയെ പിടിച്ചടക്കാനും കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ചു എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.


Related News