Loading ...

Home health

ആരോഗ്യം നന്നാകാന്‍ കര്‍ക്കടക കഞ്ഞി കുടിക്കാം


കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് കര്‍ക്കടകക്കഞ്ഞി. പോഷക ഗുണങ്ങള്‍ ഏറെയുള്ള കര്‍ക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു. ഒപ്പം ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഏതു കാലത്തും കര്‍ക്കടക കഞ്ഞി കുടിക്കാമെങ്കിലും കര്‍ക്കടകത്തില്‍ കുടിക്കുമ്ബോള്‍ ഗുണം വര്‍ദ്ധിക്കും.

കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ നിര്‍ബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം.എങ്കിലേ അതിന്റെ ഗുണം കിട്ടുകയുള്ളു. ഞവര അരിയാണ് കര്‍ക്കടക കഞ്ഞിയില്‍ പ്രധാനം. മാത്രമല്ല ഉലുവ, ജീരകം, ആശാളി അങ്ങനെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം ഈ കഞ്ഞിയില്‍ ചേര്‍ക്കാറുണ്ട്.
കര്‍ക്കടക കഞ്ഞിക്ക് ആവശ്യമുള്ള സാധനങ്ങള്‍ :

ഉണക്കലരി 1/2 കപ്പ്
കടുക് 1 ടീസ്പൂണ്‍
എള്ള് 1 ടീസ്പൂണ്‍
ഉലുവ 1 ടീസ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ 1/2 മുറി തേങ്ങയുടെ
മാവ് ഇല 5 എണ്ണം
പ്ലാവ് ഇല 4 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യം അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനുട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്‌സിയില്‍ അരച്ച്‌ പേസ്റ്റാക്കി എടുക്കുക.

ഒരു മണ്‍കലത്തില്‍ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ച പേസ്റ്റും ഇട്ടുകൊടുക്കുക. മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. എടുത്തു വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകള്‍ മുറിച്ച്‌ ഇട്ടുകൊടുക്കാം.

ആവശ്യത്തിനുള്ള വെള്ളവും ചേര്‍ത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാല്‍ ഒഴിച്ച്‌ ചെറുതീയില്‍ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കുക.

Related News