Loading ...

Home National

മിണ്ടാതിരിക്കാന്‍ ആവില്ല by എന്‍ എസ് സജിത്

2017 സപ്തംബര്‍ ഏഴ്. ബംഗളൂരു ടൌണ്‍ഹാളിനടുത്തുള്ള രവീന്ദ്ര കലാക്ഷേത്രയുടെ മുറ്റം. തൊട്ടുതലേന്ന് അവിടെ നടന്ന ചരമോപചാരങ്ങളുടെ ഒന്നും അവശേഷിച്ചിട്ടില്ല അവിടെ.ഒരു പൂവിതളോ. പുഷ്പചക്രങ്ങളുടെ അരികില്‍ പിടിപ്പിച്ച തൊങ്ങലുകളുടെയോ വര്‍ണനൂലുകളുടെയോ തുമ്പുപോലും à´† മുറ്റത്തില്ല. 
കലാക്ഷേത്രയുടെ കാന്റീനോട് ചേര്‍ന്നുള്ള ഹാളിനുള്ളില്‍ പലരുമുണ്ട്. അവര്‍ വലിയൊരു പ്രതിഷേധത്തിന്റെ ഒരുക്കത്തിലാണ്. എഴുത്തുകാരിയായ കെ നീലയാണ് എല്ലാറ്റിനും മുന്നില്‍. വിങ്ങുന്ന മുഖവുമായി ഹാളിലേക്ക് വരുന്നവരെ സ്വീകരിക്കുന്നു. വന്നവര്‍ ചിലര്‍ ഗാഢമായി ആശ്ളേഷിച്ച് പരസ്പരം ആശ്വസിപ്പിക്കുന്നു. വിങ്ങുന്ന മുഖങ്ങളില്‍ രോഷത്തിന്റെ ചൂട്. 

കര്‍ണാടകത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുണ്ട്, കവികളുണ്ട്, മഹിളാ- ദളിത് സംഘടനകളുടെ നേതാക്കളുണ്ട്, മുന്‍ നക്സലൈറ്റുകളുണ്ട്. ഗൌരി ലങ്കേഷിനെ രണ്ടുദിവസം മുമ്പ് വെടിവച്ചുകൊന്ന സംഭവത്തെക്കുറിച്ച് അവര്‍ യോഗത്തില്‍ വാചാലരായി. പൊടുന്നനെ ഉയരംകൂടിയ, നരച്ച താടിയുള്ള ഒരാള്‍ മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്കുവന്നു. അതുവരെ നിയന്ത്രിച്ചു നിര്‍ത്തിയ ദുഃഖം ഉരുള്‍പൊട്ടിയൊഴുകുകയാണ്. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമാണ് വേഷം. നെഞ്ചില്‍ ചെഗുവേരയുടെ ചിത്രം.



ഞങ്ങള്‍ക്ക് ആളെ പിടികിട്ടിയില്ലെന്ന് അറിഞ്ഞതുകൊണ്ടാവും തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞു, ചെ ബാലു. ഗൌരിക്ക് അവന്‍ മകനെപ്പോലെയാണ്. ബാലുവിന്റെ സങ്കടമൊന്നടങ്ങിയപ്പോള്‍ ഞങ്ങള്‍ അടുത്തുചെന്നു. ക്യാമറ മിന്നുന്നതു കണ്ടപ്പോള്‍ ഞങ്ങളെ മുഷിപ്പിക്കാതെ മുഖം തിരിച്ചു. അടുത്തെത്തിയപ്പോള്‍ കണ്ണീരിന്റെ സ്ഫടിക തിരശ്ശീലയിലൂടെ ബാലു ചിരിച്ചു. വിക്സ് പുരട്ടിയ സിഗരറ്റ് ചുമച്ചുകൊണ്ട് കത്തിച്ചു. സിഗരറ്റ് കൂട് ഞങ്ങള്‍ക്കുനേരെ നീട്ടി. സുഹൃത്തുക്കളാരോ കൊണ്ടുവന്ന കടലാസുകപ്പിലെ ചായ കുടിച്ചുകൊണ്ട് കാന്റീനിന്റെ ചുമരില്‍ മുഖം താങ്ങിയ ബാലു സംസാരിക്കാന്‍ തുടങ്ങി. 
ഒന്നും രണ്ടും കൊല്ലമല്ല, ഇരുപത്തഞ്ചു കൊല്ലമായി അവര്‍ക്കൊപ്പം. അവരോടൊപ്പം എല്ലാ വൃദ്ധിക്ഷയങ്ങളിലും. ജേണലിസം à´Žà´‚ à´Ž പൂര്‍ത്തിയാക്കിയ കാലത്ത് പരിചയപ്പെട്ടതാണ്. അന്നു മുതല്‍ അവര്‍ക്ക് ഞാന്‍ മകന്‍. എനിക്ക് അവര്‍ അമ്മ. രോഗം വന്നപ്പോള്‍ എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. എന്റെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്നു. 

സങ്കടം മാറിയില്ലെങ്കിലും സംസാരത്തില്‍ ബാലു പതുക്കെ താളം കണ്ടെത്തിയിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ à´Žà´‚à´Ž ഉണ്ടായിരുന്നെങ്കിലും à´† പണി ചെയ്തിട്ടില്ല. അരുണ പബ്ളിക്കേഷന്‍ എന്ന പേരില്‍ ഒരു സമാന്തര പുസ്തക പ്രസിദ്ധീകരണശാല നടത്തുകയാണ്. പത്രപ്രവര്‍ത്തനത്തെ എങ്ങനെ ജനകീയമാക്കാമെന്ന് കാണിച്ചുതന്ന അവരുടെ പ്രവര്‍ത്തനം കണ്ടുനില്‍ക്കുകയായിരുന്നു. അവരെ സഹായിക്കുന്നതിലൂടെ പത്രപ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകള്‍ പഠിക്കുകയായിരുന്നു ഞാന്‍.  ഇംഗ്ളീഷ് പത്രപ്രവര്‍ത്തനത്തില്‍ കഴിവു തെളിയിച്ച ശേഷമാണ് അവര്‍ കന്നഡ പത്രപ്രവര്‍ത്തനത്തിലേക്ക് മാറിയത്. ഗൌരിയെ പത്രപ്രവര്‍ത്തക എന്നു മാത്രം വിശേഷിപ്പിക്കുന്നത് തെറ്റാണ്. ആക്ടിവിസ്റ്റ് ആയ ജേര്‍ണലിസ്റ്റ് എന്നാണ് അവര്‍ സ്വയംവിശേഷിപ്പിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലും ഇടിവിയിലും സണ്‍ഡേയിലുമൊക്കെ ശ്രദ്ധേയമായ വാര്‍ത്തകളും ലേഖനങ്ങളുമെഴുതിയ അവര്‍ കാര്‍ഗില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. കന്നഡ പത്രപ്രവര്‍ത്തനത്തിലേക്ക് അതും ഒരു ടാബ്ളോയ്ഡ് നടത്തിപ്പുകാരിയായതിനെ സാഹസികമെന്നേ വിശേഷിപ്പിക്കാനാവൂ. 

ബാബാ ബുധനഗിരി എന്ന പ്രസിദ്ധമായ ദര്‍ഗ ദത്താത്രേയ ക്ഷേത്രമാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിച്ചപ്പോള്‍, നക്സലൈറ്റുകളെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗൌരിയിലെ സാമൂഹിക പ്രവര്‍ത്തകയുടെ വീര്യം കണ്ടറിയാനായി. രണ്ടുവര്‍ഷം മുമ്പ് കലബുര്‍ഗിയെ കൊന്നതോടെ അവരുടെ എഴുത്തിന് വാളിന്റെ മൂര്‍ച്ചയായി. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഇത്ര രൂക്ഷമായി എഴുതിയ മറ്റൊരാള്‍ കര്‍ണാടകത്തിലില്ല. താന്‍ കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് ഗൌരി ലങ്കേഷ്. രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് അവരുടെ വ്യക്തിത്വം രൂപീകരിച്ചത്. ഭര്‍ത്താവ് ചിദാനന്ദ് രാജ്ഘട്ടയുമായി അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പിരിഞ്ഞെങ്കിലും അദ്ദേഹവുമായി ഊഷ്മള സൌഹൃദം പുലര്‍ത്തി അവര്‍. വാഷിങ്ടണില്‍നിന്ന് വരുമ്പോഴൊക്കെ ദീര്‍ഘമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടു അവര്‍. ചിദാനന്ദിന്റെ ഭാര്യയുമായും അവര്‍ അടുത്ത സൌഹൃദം പുലര്‍ത്തി. 
ആരാവും ഗൌരിയെ കൊല്ലാന്‍ ആളെ വിട്ടതെന്ന ചോദ്യത്തോട് ബാലു ഇങ്ങനെ പറഞ്ഞു: 'നാഗ്പുരില്‍നിന്ന്. മോഡിയുടെ ആള്‍ക്കാര്‍ തന്നെ. ആര്‍എസ്എസ്സിനല്ലാതെ മറ്റാര്‍ക്കും ഗൌരി ലങ്കേഷിനോട് പകയുണ്ടാവില്ല. മനസ്സുകളെ ഭിന്നിപ്പിക്കുന്ന അസഹിഷ്ണുത മാത്രമായിരുന്നു ഗൌരിയുടെ ശത്രു. അവരോട് വിട്ടുവീഴ്ചയില്ലാതെ പോരാടി, ജീവിതത്തിലും. മറ്റെല്ലാവരെയും നിറഞ്ഞ സ്നേഹം കൊണ്ട് കീഴടക്കി- ബാലു പറഞ്ഞു.അസാമാന്യ ധൈര്യത്തിന്റെ ഉടമ -ദിനേശ് ബാബുഎന്തിനേയും നേരിടാനുള്ള ധൈര്യം, ആരെയും പേടിക്കാത്ത പ്രകൃതം... പരിചയപ്പെടുന്ന കാലം മുതല്‍ ഇതൊക്കെയായിരുന്നു ഗൌരി ലങ്കേഷ്. അത്രയേറെ പരിചയമുള്ള ഒരാളുടെ കൊലപാതകം, ആ നടുക്കം ഇതു വരെ മാറിയിട്ടില്ല. ഗൌരിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അച്ഛന്‍ ലങ്കേഷിനെയാണ് ഞാനാദ്യം പരിചയപ്പെടുന്നത്. 1988-89 കാലഘട്ടം. അന്ന് എന്റെ ആദ്യ കന്നഡ ചിത്രമായ സുപ്രഭാത പുറത്തിറങ്ങിയ സമയം. ലങ്കേഷിന്റെ സിനിമാ റിവ്യുകള്‍ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. മുഖം നോക്കാതെ റിവ്യു എഴുതുന്നതായിരുന്നു ലങ്കേഷിന്റെ ശീലം. എന്റെ സിനിമയെക്കുറിച്ച് നല്ലൊരു റിവ്യു ലങ്കേഷ് എഴുതി. അദ്ദേഹം പിന്നെ നല്ലൊരു സുഹൃത്തായി.

ലങ്കേഷിന്റെ ഒപ്പം പല പൊതുപരിപാടികളിലും ഗൌരി ഒപ്പം വരുമായിരുന്നു. അന്നും ഇടതുപക്ഷ ചിന്താഗതി ആയിരുന്നു അവര്‍ക്ക്. അച്ഛനൊപ്പം വന്നതാണെങ്കിലും, ഗൌരി സംസാരിക്കാന്‍ തുടങ്ങിയാല്‍ എല്ലാവരും അവരെ ശ്രദ്ധിക്കും. അത്രയേറെ ഉറച്ച സംസാരമായിരുന്നു അവരുടേത്. 
ലങ്കേഷിന്റെ മറ്റ് രണ്ടു മക്കള്‍ക്കും സിനിമയായിരുന്നു താല്‍പര്യം. ഗൌരി ഒരിക്കലും സിനിമാ മേഖലയില്‍ വന്നില്ല. സാമൂഹ്യപ്രശ്നങ്ങള്‍ എഴുതുന്നതിലായിരുന്നു അവര്‍ക്ക് താല്‍പര്യം. എന്റെ മേഖല സിനിമ ആയതിനാല്‍ മറ്റ് രണ്ട് മക്കളോടായി പിന്നീട് കൂടുതല്‍ അടുപ്പം.
കര്‍ണാടകയിലെ മാധ്യമ ലോകത്ത് ഏറെ ബഹുമാനിക്കപ്പെട്ട സ്ത്രീയായി ഗൌരി മാറിയത് ഞാനറിയുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയം ഉള്ള ഒരാളുടെ കൊലപാതകം കേട്ടപ്പോള്‍ വല്ലാത്ത ഞെട്ടലുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകനും ഇങ്ങനൊരു മരണം ഉണ്ടാകരുത്.അവള്‍ അച്ഛന്റെ മകള്‍ - അഗ്നി ശ്രീധര്‍എ പി സജിഷഅന്നവള്‍ക്ക് പതിനഞ്ചോ പതിനാറോ വയസ് പ്രായമുണ്ടാകും. എനിക്ക് ഇരുപത്തൊന്നും. പുരോഗമന വാദിയും ചിന്തകനുമായ അവളുടെ പിതാവ് ലങ്കേഷിനെ കാണാനായി 1975 ലാണ് ഞാനാ വീട്ടില്‍ പോകുന്നത്. ഉറച്ച നിലപാടുകളുള്ള ലങ്കേഷിന്റെ മകള്‍ എന്ന നിലയിലാണ് അന്ന് ഗൌരിയെ പരിചയപ്പെടുന്നത്. പിന്നീടത് ഊഷ്മള സൌഹൃദമായി മാറി. ഏറെ ബഹുമാനിക്കുന്ന ആ അച്ഛനോട് ആശയ സംവാദങ്ങള്‍ നടത്തുമ്പോള്‍ ഗൌരിയും ഇടപെടും. പരീക്ഷകള്‍ക്കും മറ്റും ഡല്‍ഹിയില്‍ എട്ടു മാസം നിന്നതൊഴിച്ചാല്‍ 1975 മുതല്‍ 79 വരെ ഞാനാ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ആ നാല് വര്‍ഷം ഞാനും ഗൌരിയും സഹോദരങ്ങളുമെല്ലാം ഒരുമിച്ചു വളര്‍ന്നു. വാഗ്വാദങ്ങള്‍ നടത്തി. ആശയങ്ങള്‍ കൈമാറി. അച്ഛന്റെ മകള്‍ തന്നെയായിരുന്നു അവള്‍. അന്നും അസാമാന്യമായ ധൈര്യമായിരുന്നു ഗൌരിക്ക്. എന്റെ ഇടതു ചിന്താഗതി കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ആ നാല് വര്‍ഷത്തിന് വലിയ പങ്കുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ പല വഴിക്കായി.


രണ്ട് പതിറ്റാണ്ട് എന്റെ ജീവിതം വേറെ ആയിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ സിനിമയിലേക്കും സാഹിത്യത്തിലേക്കും ഞാന്‍ തിരിഞ്ഞു. ഗൌരിയാകട്ടെ , മികച്ച പത്രപ്രവര്‍ത്തകയായി. അതിനിടയില്‍ കര്‍ണാടകയിലെ പ്രമുഖ ടാബ്ളോയിഡുകളുടെ എഡിറ്റര്‍മാരായി ഞങ്ങള്‍ മാറി. ഞാന്‍ അഗ്നിയുടെ എഡിറ്ററായി. ലങ്കേഷ് പത്രിക ഇറക്കി ഗൌരിയും തിളങ്ങി. 
ഞങ്ങളുടെ ആശയം ഒന്നായിരുന്നു, ലക്ഷ്യം ഒന്നായിരുന്നു. പക്ഷേ, രണ്ട് വ്യത്യസ്ത വഴികളിലൂടെയായിരുന്നു സഞ്ചാരം. പക്ഷേ... സമൂഹത്തെ സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എഴുത്തിനും സിനിമക്കുമിടയില്‍ ദളിതരുടെ ഉന്നമനത്തിനുള്ള സംഘടനാ പ്രവര്‍ത്തനവുമായി ഞാന്‍ നീങ്ങി. ഗൌരി തൂലിക പടവാളാക്കി.

തന്റെ ആശയങ്ങളില്‍ എന്നും അടിയുറച്ചു നിന്നിരുന്നു ഗൌരി. സംഘപരിവാറിനെ ശക്തമായി എതിര്‍ത്തു. അക്രമങ്ങളെ ഒരിക്കലും അനുകൂലിച്ചില്ല. തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പ്രകൃതം. അന്നും ഇന്നും അവളങ്ങനെ തന്നെയായിരുന്നു. 
ജാതിയുടെ, മതത്തിന്റെ പേരില്‍ ഇവിടെ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ഹിന്ദുത്വ വര്‍ഗീയത പടര്‍ന്നു പിടിക്കുമ്പോള്‍ എനിക്കും ഗൌരിക്കുമൊന്നും ഇവിടെ മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. സംഘപരിവാറിനെ, ഹിന്ദുത്വ വര്‍ഗീയതയെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തു. ഒടുവില്‍ കല്‍ബുര്‍ഗിയെ കൊന്നതു പോലെ, ഗൌരിയേയും കൊന്നു. നാല്‍പത് വര്‍ഷത്തിലേറെ പരിചയമുണ്ട് ഗൌരി ലങ്കേഷിനെ. അതുപോലൊരാള്‍ കൊല്ലപ്പെട്ടതിന്റെ വേദനയും നടുക്കവും ഇതുവരെ മാറിയിട്ടില്ല. ദുര്‍ബല ശരീരമുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതില്‍ എന്തു മഹത്വമാണ് അവര്‍ക്കുള്ളത്. 
വിമര്‍ശകരെ നിശബ്ദരാക്കുന്ന തന്ത്രമാണ് ഹിന്ദുത്വ ഫാസിസത്തിന്റേത്. അക്രമം അഴിച്ചുവിടാനാണ് അവര്‍ക്ക് താല്‍പര്യം. അത്രയേറെ അപകടകരമാണ് അവരുടെ ആശയങ്ങള്‍ തന്നെ. നരേന്ദമോഡി ഭരിക്കുമ്പോള്‍ പശുവിന്റെ പേരില്‍ പോലും ആളുകള്‍ കൊല്ലപ്പെടുകയാണ്. വിമര്‍ശകരെ നിശബ്ദരാക്കാനായി, കൊന്നുകളയുമ്പോഴും ഞങ്ങള്‍ക്ക് ഇവിടെ മിണ്ടാതിരുന്നുകൂടാ. കല്‍ബുര്‍ഗിയെ, ഗൌരി ലങ്കേഷിനെ കൊന്ന നാട്ടില്‍ ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ഇനിയും ഉറച്ച ശബ്ദങ്ങള്‍ ഉണ്ടാകും..

Related News