Loading ...

Home Gulf

ശാന്തി ബിജിബാലിന്റെ വേര്‍പാടില്‍ ശക്തിയും കെ.എസ്.സിയും അനുശോചിച്ചു

അബുദാബി >  ആകസ്മികമായി മരണപ്പെട്ട പ്രമുഖ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസിന്റെ വേര്‍പാടില്‍ അബുദാബി ശക്തി തിയറ്റേഴ്‌സും കേരള സോഷ്യല്‍ സെന്ററും സംയുക്തമായി അനുശോചിച്ചു. 

വളരെ ചെറുപ്പം മുതല്‍ അബുദാബിയുടെ വേദികളില്‍ നിറ സാന്നിധ്യമായിരുന്ന ശാന്തി ശക്തി ബാലസംഘത്തിന്റേയും കെ.എസ്.സി. ബാലവേദിയുടേയും സജീവപ്രവര്‍ത്തകയും ബാലവേദിയുടെ സെക്രട്ടറിയുമായിരുന്നു. വിവിധ കലോത്സവങ്ങളില്‍ കലാ തിലകമായി നിരന്തരം തെരഞ്ഞെടുക്കപ്പെട്ടിരുന്ന ശാന്തിക്ക് നൃത്തവേദിയിലെന്ന പോലെ സംഗീത ലോകത്തും സാഹിത്യ രംഗത്തും തന്റേതായ വ്യക്തിമുദ്ര സ്ഥാപിക്കുവാനും കഴിഞ്ഞിട്ടുണ്ട്. അബുദാബി ഓയില്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന അച്ഛന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്ന് നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ട ശാന്തി ബിജിബാലിന്റെ ഭാര്യയായതിനുശേഷവും നിരവധി ആല്‍ബങ്ങളിലൂടെയും നൃത്തവേദികളിലൂടെയും കലാരംഗത്ത് നിലയുറപ്പിക്കവെയാണ് ആകസ്മികമായ അന്ത്യമുണ്ടായതെന്ന് അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. 

കെഎസ്സി പ്രസിഡന്റ് പി പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി ആക്ടിംഗ് പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.കെ. ബാലചന്ദ്രന്‍, കെ. എസ്. സി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അജീബ് പരവൂര്‍, വനിതാവിഭാഗം കണ്‍വീനര്‍ സിന്ധു ജി. നമ്പൂതിരി, കൈരളി ടി. വി. കോര്‍ഡിനേറ്റര്‍ കെ. ബി. മുരളി, ശക്തി വനിതാവിഭാഗം കണ്‍വീനര്‍ പ്രമീള രവീന്ദ്രന്‍, കെ. എസ്. സി. വാളന്റിയര്‍ ക്യാപ്റ്റന്‍ കെ. വി. ബഷീര്‍, ഫ്രണ്ട്‌സ് എ.ഡി.എം.എസ്. പ്രസിഡന്റ് സലീം ചിറക്കല്‍, രമേശ് രവി, സുഗതകുമാര്‍, സി. കെ. മനാഫ് എന്നിവര്‍ സംസാരിച്ചു.

Related News