Loading ...

Home Kerala

'കെ.എം മാണി അഴിമതിക്കാരനല്ല'; സുപ്രിംകോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി കെഎം മാണി അഴിമതിക്കാരനാണ് എന്ന പരാമര്‍ശം സുപ്രിംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെയായിരുന്നു നിയമസഭയിലെ പ്രതിഷേധം എന്നാണ് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇന്ന് വാദിച്ചത്.

അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം എന്നാണ് സര്‍ക്കാറിന്റെ ആദ്യ നിലപാട്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇന്നും കോടതി നടത്തിയത്. സഭയില്‍ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബഞ്ച ആവശ്യപ്പെട്ടു.

സഭയിലെ അക്രമങ്ങളില്‍ സമാജികര്‍ക്ക് നിയമപരിരക്ഷയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഗ്വാദങ്ങള്‍ അക്രമത്തിലേക്ക് നയിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. 'കോടതിയെ നോക്കൂ, ചിലപ്പോള്‍ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎല്‍എ റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചാല്‍ എന്തു ചെയ്യും. ഇക്കാര്യത്തില്‍ സഭയ്ക്കാണ് പരമാധികാരം എന്നു പറയാന്‍ ആകുമോ?'- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭയ്ക്കാണ് പരമാധികാരം എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്. പിവി നരസിംഹറാവു ജഡ്ജമെന്റില്‍ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാര്‍ പറഞ്ഞു. ഈ വേളയിലായിരുന്നു കോടതിയുടെ പ്രതികരണം.

മന്ത്രി വി ശിവന്‍ കുട്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസ് സര്‍ക്കാറിന് ഏറെ നിര്‍ണായകമാണ്. പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാറിന് തിരിച്ചടിയാകും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രതികള്‍ കുറ്റവിചാരണ നേരിടണമെന്ന് ബഞ്ച് പറഞ്ഞിരുന്നു. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അപ്പീല്‍ പിന്‍വലിക്കുകയാണ് എങ്കില്‍ പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ വിചാരണ നേരിടേണ്ടി വരും.

Related News