Loading ...

Home National

സൗജന്യ വാക്‌സിന്‍ കയറ്റുമതി; ഇന്ത്യയിലെ നിയമ തടസം നീങ്ങാന്‍ കാത്തിരിക്കുന്നുവെന്ന് അമേരിക്ക


ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യുഎസ് അധികൃതര്‍. ഏഷ്യയിലെ ഏതാനും രാജ്യങ്ങള്‍ക്ക് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇനിയും തുടങ്ങിയിട്ടില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ വാക്‌സിന്‍ കയറ്റിയക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇതിനകം നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎസ് വാക്‌സിന്‍ അയച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ചില നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കൈവശമുള്ള 80 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യക്കായി മാറ്റിവച്ചിരിക്കുന്നത് മോഡേര്‍ണയുടെയും ഫൈസറിന്റെയും 3-4 ദശലക്ഷം വാക്‌സിനാണ്. എന്നാല്‍ രണ്ട് വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയില്ലാത്തതിനാല്‍ ഇത് ഇന്ത്യയിലേക്ക് കയറ്റിയയക്കാനാവില്ല.

വാക്‌സിന്‍ അയക്കുന്നതിനു മുമ്ബ് ഓരോ രാജ്യവും അവരുടെ നിയമങ്ങള്‍ അതിനനുസരിച്ച്‌ മാറ്റേണ്ടതുണ്ട്. വാക്‌സിന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ അല്‍പ്പം കൂടി സാവകാശം എടുക്കാനാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പ്രൈസ് പറഞ്ഞു.

ഇന്ത്യ നിയമതടസ്സങ്ങള്‍ പരിഹരിക്കുന്നതോടെ വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ യുഎസ് ശ്രീലങ്ക, മാല്‍ദ്വീപ്‌സ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കായി 40 ദശലക്ഷം ഡോസ് വാക്‌സിനാണ് കയറ്റിയയച്ചിരിക്കുന്നത്.

മോഡേര്‍ണ, ഫൈസര്‍ വാക്‌സിനുകള്‍ക്ക് നിയമപരമായ സംരക്ഷണം വേണമെന്നാണ് കമ്ബനികളുടെ ആവശ്യം.

Related News