Loading ...

Home Africa

ലൈബീരിയ മലയാളികൾക്ക് മഹാത്മാ കൾച്ചറൽ സെന്‍ററിന്‍റെ 'ഓണക്കൂട്ടം 2017'ന് ഒരുക്കങ്ങളായി

മോണ്‍റോവിയ: മനസിൽ ഓണവർണങ്ങൾ വിരിഞ്ഞു. ആഘോഷത്തിന്‍റെ മാരിവില്ല്, കറുത്തു പടർന്ന മഴമേഘങ്ങളെ കൂസാതെ, ആവേശത്തിന്‍റെ ശോഭ തെല്ലും കെടുത്താതെ ഓണത്തപ്പനെ വരവേൽക്കാൻ ലൈബീരിയൻ മലയാളികൾ ഒരുങ്ങുകയായി. 

പൂക്കളും നിറങ്ങളും ഇലയും സദ്യയും വീടുകളിൽ ഒരുങ്ങുന്ന കൂട്ടായ്മകളുമായി ഗൃഹാതുരത്വത്തിന്‍റെ ഉൗഞ്ഞാലിലേറി ഇതാ വീണ്ടും ഒരോണം. ആധികളെ ആട്ടിപ്പായിച്ചു, ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഭാഗമാകാൻ ഒരുങ്ങുകയാണ് ലൈബീരിയായിലെ മലയാളികൾ. 

മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ ’ഓണക്കൂട്ടം 2017’ എന്നപേരിൽ അവയർ ഇന്‍റർ നാഷണൽ സ്കൂളിൽ വച്ചു മൂന്നു ദിവസങ്ങളിലായിട്ടാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 

ഓഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെ 10നു അത്തപൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ വടം വലി, ഉറിയടി ഉൾപ്പെടെ വിവിധ നാടൻ മത്സരങ്ങൾ നടത്തുന്നു. സെപ്റ്റംബർ 2 ശനിയാഴ്ച വിവിധ പരിപാടികളോടെ ഉത്രാട സന്ധ്യ ആഘോഷിക്കുന്നു പ്രധാന ദിവസമായ സെപ്റ്റംബർ 3 ഞായർ രാവിലെ 11നു നടക്കുന്ന ഉദ്ഘടനത്തിനു ഇന്ത്യൻ കോണ്‍സൽ ജനറൽ ഉപജിത് സിംഗ് സച്ദേവ് മുഖ്യാതിഥി ആയിരിക്കും. ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും, നൃത്ത മത്സരവും അരങ്ങേറും. വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾക്കായുള്ള ലക്കി ഡ്രായോടുകൂടി ആഘോഷപരിപാടികൾക്ക് തിരശീല വീഴും.

റിപ്പോർട്ട്: മേജോ ജോസഫ്

Related News