Loading ...

Home National

കോവിഡ് മൂന്നാംതരംഗം തൊട്ടരികെയുണ്ടെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് 19ന്‍റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസിനെതിരായ ജാഗ്രത കൈവെടിയരുതെന്ന് അഭ്യര്‍ഥിച്ച ഡോക്ടര്‍മാരുടെ സംഘടന, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു.

'മഹാമാരികളുടെ ചരിത്രവും ലഭ്യമായ തെളിവുകളും വെച്ച്‌ നോക്കുമ്ബോള്‍ കോവിഡിന്‍റെ മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണ്. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജനം ഒത്തുകൂടുകയാണ്. ഇത് ഏറെ ദു:ഖകരമാണ്' -ഐ.എം.എ പ്രസ്താവനയില്‍ പറഞ്ഞു.

വിനോദ സഞ്ചാരം, തീര്‍ഥാടനം, മതപരമായ ആഘോഷങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണെങ്കിലും നാം ഏതാനും മാസം കൂടി കാത്തുനില്‍ക്കേണ്ടതുണ്ട്. ഇത്തരം ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നതും വാക്സിനെടുക്കാതെ ആളുകള്‍ പങ്കെടുക്കുന്നതും ഇവയെ കോവിഡിന്‍റെ സൂപ്പര്‍ പകര്‍ച്ചാ കേന്ദ്രങ്ങളാക്കി മാറ്റും.

ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന സാമ്ബത്തിക വരുമാനത്തേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ചെലവിടേണ്ടിവരും. കഴിഞ്ഞ ഒന്നരവര്‍ഷത്തിന്‍റെ അനുഭവം വിലയിരുത്തിയാല്‍, വാക്സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മാത്രമേ മൂന്നാംതരംഗത്തെ പ്രതിരോധിക്കാനാകൂവെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.

Related News