Loading ...

Home health

മധ്യവയസ്‌കരിലെ ഏകാന്തത കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം


മധ്യവയസ്‌കരിലെ ഏകാന്തത കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. മധ്യവയസ്കരായ പുരുഷന്മാര്‍ക്കിടയിലെ ഏകാന്തത കാന്‍സറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈസ്റ്റേണ്‍ ഫിന്‍‌ലാന്‍‌ഡ് സര്‍വകലാശാലയിലെ ​ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സൈക്യാട്രി റിസര്‍ച്ച്‌ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

പുകവലിയും അമിതഭാരം പോലെ തന്നെ ഏകാന്തതയും ധാരാളം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് ഞങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ സിരി ലിസി ക്രാവ് പറയുന്നു.

കിഴക്കന്‍ ഫിന്‍‌ലാന്‍ഡില്‍ നിന്നുള്ള 2,570 മധ്യവയസ്കരായ പുരുഷന്മാരില്‍ 1980 കളിലാണ് പഠനം ആരംഭിച്ചത്. ഇന്നുവരെ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ആരോഗ്യവും മരണനിരക്കും നിരീക്ഷിച്ചു. അതില്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ 25 ശതമാനം പേര്‍ക്ക് കാന്‍സര്‍ വികസിച്ചതായി കണ്ടെത്തി.

പ്രായം, ജീവിതശൈലി, ഉറക്കത്തിന്റെ ഗുണനിലവാരം, വിഷാദരോഗ ലക്ഷണങ്ങള്‍, ബോഡി മാസ് സൂചിക, ഹൃദ്രോഗം, അവയുടെ അപകടസാധ്യത ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാതെ കാന്‍സര്‍ സാധ്യതയുമായുള്ള ഈ ബന്ധം നിരീക്ഷിച്ചു. കൂടാതെ, അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയവരില്‍ കാന്‍സര്‍ മരണനിരക്ക് കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഗവേഷകന്‍ സിരി ലിസി പറഞ്ഞു.

ഏകാന്തത ആരോഗ്യപരമായ പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇതിനെ കുറിച്ച്‌ കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഏകാന്തതയും അതുമൂലമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളും ലഘൂകരിക്കുന്നതിന് അതിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും ഈ പഠനം സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News