Loading ...

Home cinema

വിനോദയാത്രപോലെ സിനിമായാത്ര by സി അജിത്

ആറാംക്ളാസില്‍ പഠിക്കുമ്പോഴാണ് ഗണപതിക്ക് സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയില്‍ അഭിനയിക്കാന്‍ അവസരം ഒരുങ്ങുന്നത്. സ്ക്രീന്‍ ടെസ്റ്റൊന്നും ഇല്ല. ഗണപതിയോട് സംവിധായകന്‍  ചോദിച്ചത് ഇത്രമാത്രം. നീന്താന്‍ അറിയുമോ, സൈക്കിള്‍ ഓടിക്കുമോ, നന്നായി ഓടാന്‍ പറ്റുമോ. അറിയാം എന്ന് പറഞ്ഞതോടെ സിനിമയിലെ ഗണപതിയായി ഗണപതി എസ് പൊതുവാള്‍ സെലക്ടഡ്. സിനിമ രക്തത്തിലലിഞ്ഞ ഗണപതിയോട്് അഭിനയിക്കാന്‍ അറിയുമോ എന്ന ചോദ്യം  അനാവശ്യമാണെന്ന് സത്യന്‍ അന്തിക്കാടെന്ന പരിചിതനായ സംവിധായകന് തോന്നിക്കാണും. അസോസിയറ്റ് ഡയറക്ടര്‍ സതീഷ് പൊതുവാളിന്റെ മകന്‍ ഗണപതിയുടെ കുട്ടിക്കാലം സിനിമാസെറ്റുകളില്‍ ചുറ്റിപ്പറ്റിയായിരുന്നു. മിക്ക ചലച്ചിത്രപ്രവര്‍ത്തകരും വാത്സല്യത്തോടെ കൊണ്ടുനടന്ന കുഞ്ഞ്. സിനിമതന്നെ ജീവിതമെന്ന് തീരുമാനിക്കാന്‍ ഗണപതിക്ക് കൂടുതല്‍ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. വിനോദയാത്രയിലെ പൊട്ടിത്തെറിച്ച് നടക്കുന്ന പയ്യന്‍ സിനിമയില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇരുത്തംവന്ന നടനായി മാറുകയാണ്. വിടരുംമുന്നേ കൊഴിഞ്ഞുപോകുന്ന ബാലതാരങ്ങളില്‍നിന്ന് വേറിട്ട്നില്‍ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗണപതി. വിനോദയാത്രയില്‍നിന്ന് ചങ്ക്സില്‍ എത്തിനില്‍ക്കുന്ന താരത്തിന്റെ സിനിമായാത്ര.

സെറ്റുകളിലെ കുട്ടിക്കാലം

സിനിമയിലേക്കുള്ള എന്റെ വാതില്‍ അച്ഛന്‍തന്നെയായിരുന്നു. ടി വി ചന്ദ്രന്‍ സാറിന്റെയും ജയരാജ് സാറിന്റെയുമെല്ലാം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അച്ഛന്‍ പലപ്പോഴും എന്നെയും സെറ്റിലേക്ക് ഒപ്പം കൂട്ടും. ഓര്‍മവച്ചനാള്‍മുതലേ ആക്ഷനും കട്ടും കേട്ടുതുടങ്ങി. മൂന്നാംക്ളാസില്‍ പഠിക്കുമ്പോള്‍ ഷോട്ട് ഫിലിമില്‍ അഭിനയിച്ചു. ഛായാഗ്രാഹകന്‍ എസ് കുമാര്‍ സാറിന്റെ മകന്‍ കുഞ്ഞുണ്ണി ചേട്ടന്‍ സംവിധാനംചെയ്ത ദി എഗ്ഗ് എന്ന ഷോട്ട് ഫിലിമാണ് ആദ്യത്തേത്. ഇതിലെ അഭിനയത്തിന് എനിക്കും സംവിധാനത്തിന് കുഞ്ഞുണ്ണി ചേട്ടനും ഒരു ടിവി ചാനലിന്റെ അവാര്‍ഡും ലഭിച്ചു. പിന്നീട് ചില ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. സന്തോഷ് ശിവന്‍ സാറിന്റെ അനന്തഭദ്രത്തില്‍ രാജുവേട്ടന്റെ (പൃഥ്വിരാജ്) കുട്ടിക്കാലത്തെ കഥാപാത്രത്തിന് ശബ്ദം നല്‍കി.

ആദ്യ സിനിമ

വിനോദയാത്രയാണ് എന്റെ ആദ്യ ചിത്രം എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. എന്നാല്‍, അതല്ല. സന്തോഷ് ശിവന്‍ സാര്‍ സംവിധാനംചെയ്ത ബിഫോര്‍ ദ റെയിന്‍സ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് ഞാന്‍ ബിഗ് സ്ക്രീനില്‍ എത്തുന്നത്. 2007ലായിരുന്നു ഇത്. അനന്തഭദ്രമാണ് ഈ സിനിമയിലേക്ക് വഴിയൊരുക്കിയത്.

വിനോദയാത്ര

 ഗണപതി ബാലതാരമായിരുന്നപ്പോള്‍
സിനിമയില്‍ എനിക്ക് ഐഡന്റിറ്റി ഉണ്ടാക്കിത്തന്ന ചിത്രമാണ് വിനോദയാത്ര. മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട à´ˆ ചിത്രത്തില്‍ ഗണപതിയെന്ന ശ്രദ്ധേയമായ കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. വിനോദയാത്രയിലെ പയ്യന്‍ എന്ന നിലയിലാണ് ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നത്. അതിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ട് ഇപ്പോഴും എന്നെ കാണുമ്പോള്‍ പാടുന്നവരുണ്ട്. എസ് കുമാര്‍ സാറാണ് എന്നെ സത്യന്‍ അന്തിക്കാട് സാറിന്റെ അടുക്കല്‍ എത്തിക്കുന്നത്. പാലക്കാട് നെല്ലിയാമ്പതിക്കടുത്ത് പോത്തുണ്ടിയിലും മറ്റുമായാണ് വിനോദയാത്ര ഷൂട്ട് ചെയ്തത്. ശരിക്കും ഒരു വിനോദയാത്രപോലെ ആസ്വദിച്ച് അഭിനയിച്ച ചിത്രമാണ് അത്. എല്ലാര്‍ക്കും എന്നോട് സ്നേഹം, വാത്സല്യം. തെറ്റുപറ്റിയാലും ക്ഷമയോടെ തിരുത്തും. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍  സത്യന്‍ സാറിനോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ.  തിരുവനന്തപുരത്ത് ഞാന്‍ പഠിച്ചിരുന്ന ആദര്‍ശ് വിദ്യാലയം സ്കൂളിനുമുന്നില്‍ എന്റെ ചിത്രമുള്ള ഒരു പോസ്റ്റര്‍ ഒട്ടിക്കണം. പക്ഷേ, ഞാനും ദിലീപേട്ടനും കൂടിയുള്ള പോസ്റ്റര്‍തന്നെയാണ് ആദ്യം ഇറങ്ങിയത്. സത്യന്‍സാര്‍ പ്രത്യേകം പറഞ്ഞ് സ്കൂളിനുമുന്നില്‍ ഒരു പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. രാവിലെ ബസില്‍ സ്കൂളില്‍ എത്തുമ്പോഴാണ് പോസ്റ്റര്‍ ആദ്യമായി കാണുന്നത്. ഇത്രയധികം സന്തോഷിച്ച നിമിഷം വേറെയുണ്ടായിട്ടില്ല.

പ്രാഞ്ചിയേട്ടനിലെ പോളി

വിനോദയാത്രയുടെ വിജയത്തോടെ നിരവധി സിനിമകള്‍ എന്നെ തേടിയെത്തി. ഷാജി കൈലാസ് സാറിന്റെ മോഹന്‍ലാല്‍ ചിത്രം അലിഭായ്, സത്യന്‍ അന്തിക്കാട് സാറിന്റെതന്നെ ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ പുറത്തിറങ്ങിയ ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ മുത്തുവിനെ അവതരിപ്പിച്ചു.
വിനോദയാത്രയിലെ ഗണപതിക്കുശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രഞ്ജിത് സാര്‍ സംവിധാനംചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റിലെ പോളി. മമ്മൂട്ടി സാറിനൊപ്പമുള്ള അഭിനയം എന്നും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ജഗതിസാറിനെപ്പോലെ മഹാനായ നടനോടൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍ ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നുവെന്നത് ഏറെ സന്തോഷംപകരുന്നു. സിനിമയെ കൂടുതല്‍ ഗൌരവത്തോടെ കാണാന്‍ എന്നെ പരിശീലിപ്പിച്ച സിനിമകൂടിയാണ് ഇത്. സിനിമയെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന രഞ്ജിത് സാറിന്റെ ശൈലി അടുത്തറിയാന്‍ കഴിഞ്ഞു. സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചത് ഇവിടെനിന്നാണ്.

സിനിമയിലെ ഗതിമാറ്റം

തുടര്‍ന്ന് സ്പിരിറ്റ്, മല്ലുസിങ്, ബ്ളാക് ബട്ടര്‍ഫ്ളൈ, ആഗസ്റ്റ് ക്ളബ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം കമ്മട്ടിപ്പാടത്തിലൂടെ തിരിച്ചെത്തി. കവി ഉദ്ദേശിച്ചത്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഹണീ ബീ, ജോര്‍ജേട്ടന്‍സ് പൂരം, പുത്തന്‍ പണം എന്നീ സിനിമകള്‍ക്കുശേഷം ചങ്ക്സിലെത്തിനില്‍ക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ മലയാളസിനിമയുടെ മാറ്റങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സിനിമകള്‍ ഒരു കൂട്ടായ്മയില്‍നിന്നാണ് ഉണ്ടാകുന്നത്. ഇപ്പോഴത്തെ സിനിമയിലെ ഡയലോഗുകളിലും ഷോട്ടുകളിലുമെല്ലാം കൂട്ടായ അഭിപ്രായം ഉണ്ടാകാറുണ്ട്. സിനിമ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുന്നുമുണ്ട്. പരസ്പരം അറിയുന്ന, മനസ്സിലാക്കുന്ന ഒരു ടീമായിരുന്നു ചങ്ക്സില്‍. ഇത് ഓരോരുത്തരുടെയും പ്രകടനം മെച്ചപ്പെടുത്തി.

നല്ല സിനിമ ചെയ്യണം

കൂടുതല്‍ നല്ല കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നോട്ടു പോകാന്‍തന്നെയാണ് തീരുമാനം. സിനിമ അനുഭവിച്ച് പഠിക്കുന്ന വിദ്യാര്‍ഥിതന്നെയാണ് ഞാന്‍. അതിനായുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടത്തുന്നുണ്ട്. ലോകസിനിമകള്‍ പരമാവധി കാണാന്‍ ശ്രമിക്കും. കണ്ണൂരിലെ പയ്യന്നൂരാണ് സ്വദേശം. പയ്യന്നൂര്‍ കോളേജില്‍നിന്ന് ബിഎ പൊളിറ്റിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കി. സിനിമയില്‍ സജീവമായതിനാല്‍ കോളേജ് ജീവിതം വേണ്ടപോലെ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ളാസില്‍ കയറാന്‍ അധികം കഴിഞ്ഞിട്ടില്ലെങ്കിലും പരീക്ഷയ്ക്ക് കൃത്യമായി പോകുമായിരുന്നു. സുരേഷ് ഗോപി സാറിന്റെ മകന്‍ ഗോകുല്‍ നായകനാകുന്ന പപ്പു, സജി സുരേന്ദ്രന്റെ ചിത്രം ഖുബ്ബൂസ് എന്നിവയാണ് പുതിയ ചിത്രങ്ങള്‍. അമ്മ അപര്‍ണ പെരുമ്പ ലതിസീയ മുസ്ളിം അസോസിയേഷന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലാണ്. സഹോദരന്‍ ചിദംബരം രാജീവ് രവി സാറിന്റെ അസിസ്റ്റന്റ് ക്യാമറാമാനും അസിസ്റ്റന്റ് ഡയറക്ടറുമാണ്.

Related News