Loading ...

Home National

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് അന്തരിച്ചു; വിടപറഞ്ഞത് ഹിമാചലിനെ ആറ് തവണ നയിച്ച നേതാവ്



ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.40 ഓടെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

തിങ്കളാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ട വീര്‍ഭദ്ര സിംഗ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഇന്നലെ വെന്റിലേറ്റര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഭരണം നടത്തിയ വീര്‍ഭദ്ര സിംഗ് ഒമ്ബത് തവണ നിയമസഭയിലേക്കും അഞ്ച് തവണ പാര്‍ലമെന്റ്‌റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് വീര്‍ഭദ്ര സിംഗ് കോവിഡ് പോസിറ്റീവായത്. ഏപ്രില്‍ 12ന് ഛണ്ഡിഗഡിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ചികിത്സ കഴിഞ്ഞ് ഏപ്രില്‍ 30ന് വീട്ടില്‍ തിരിച്ചെത്തിയ വീര്‍ഭദ്ര സിംഗിനെ വൈകാതെ നെഞ്ചു വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അന്നു മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ജൂണ്‍ 11ന് വീണ്ടും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കോവിഡ് ഭേദമായെങ്കിലും കോവിഡാനന്തരമുള്ള ന്യുമോണിയ പോലെയുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്ത പ്രമേഹവും അദ്ദേഹത്തിനുണ്ടായിരുന്നു.

വീര്‍ഭദ്ര സിംഗിന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എന്നിവര്‍ അനുശോചിച്ചു. സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ഭരണ, നിയമനിര്‍മ്മാണ രംഗത്ത് വീര്‍ഭദ്ര സിംഗിന് മികച്ച പരിജ്ഞാനമുണ്ടായിരുന്നുവെന്നും ഹിമാചല്‍ പ്രദേശിന്റേയും ജനങ്ങളുടെയും ക്ഷേമത്തിനായി നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയായിരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വീര്‍ഭദ്ര സിംഗിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ സംസ്ഥാനത്ത് മൂന്ന് ദിവസം ദുഖാചരണം നടത്തും. മുന്‍ എം.പി പ്രതിഭ സിംഗ് ആണ് ഭാര്യ. മകന്‍ വിക്രമാദിത്യ സിംഗ് നിലവില്‍ ഷിംലയില്‍ നിന്നുള്ള എം.എല്‍.എയാണ്.

Related News