Loading ...

Home International

ഉഷ്ണതരംഗം; ലോകത്തെവിടേയും സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍

ഒട്ടാവ: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചുട്ട് പൊള്ളുകയാണ് കാനഡ. ഇതിനോടകം 700ല്‍ അധികം പേരാണ് രാജ്യത്ത് ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം 500ല്‍ അധികം പേരാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ ലോകത്തെവിടേയും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയാണ് കാലാവസ്ഥ വിദഗ്ദ്ധര്‍.

പൊതുവെ തണുപ്പേറിയ പ്രദേശമായ കാനഡയില്‍ മനുഷ്യരുടേയും ജീവജാലങ്ങളുടേയും ജീവനെടുക്കാന്‍ തക്കവിധത്തില്‍ അസാധാരണമായി അന്തരീക്ഷ താപനില ഉയരുന്നത് ഗവേഷകരെ അമ്ബരപ്പിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട ഉയര്‍ന്ന മര്‍ദ്ദമാണ് അന്തരീക്ഷ താപനില വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നാണ് ഇവരുടെ വിലയിരുത്തല്‍.
ബ്രിട്ടീഷ് കൊളംബിയോയിലെ ലിറ്റണ്‍ നഗരത്തില്‍ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്. 50 ഡിഗ്രീ സെല്‍ഷ്യസാണ്. ഒരിടത്തും ആരും സുരക്ഷിതരല്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് യുകെയിലെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന ഡോ. ഡേവിഡ് കിംഗ് പറഞ്ഞു. അപകട സാദ്ധ്യതകള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ സംഭവം എല്ലാവരും അതീവ ഗുരുതരമായി കാണണമെന്ന് അന്തരീക്ഷ ശാസ്ത്ര പ്രൊഫസറായ മൈക്കല്‍ പറഞ്ഞു. ആഗോള താപനം അന്തരീക്ഷത്തെ അസ്ഥിരപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ ഈ അവസ്ഥയ്ക്ക് കാരണം ജനങ്ങള്‍ തന്നെയാണ്. അതിനാല്‍ തന്നെ ഈ പ്രതിഭാസം ലോകത്തെവിടേയും സംഭവിക്കാമെന്നും ഒരു പ്രദേശവും സുരക്ഷിതരല്ലെന്നും മൈക്കല്‍ വ്യക്തമാക്കി.

ചൂട് കൂടുന്നത് കാട്ടു തീ ഭീഷണിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലിട്ടണില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ 80 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നൂറ് കണക്കിന് വീടുകളും കെട്ടിടങ്ങളും കാട്ടുതീയില്‍ നശിച്ചു. പ്രദേശത്തെ എല്ലാവരേയും ഒഴിപ്പിച്ചിട്ടുണ്ട്. ഏതാനും പേരെ കാണാതാവുകയും ചെയതു. കാനഡയുടെ മറ്റ് പല പ്രദേശങ്ങളിലേക്കും കാട്ടുതീ വ്യാപിക്കുകയാണ്.

Related News