Loading ...

Home International

കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച്‌ എല്‍സ ചുഴലിക്കാറ്റ്; രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ച്‌ ക്യൂബ

ഹവാന: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച്‌ എല്‍സ ചുഴലിക്കാറ്റ് ക്യൂബന്‍ തീരത്തേക്ക്. കരീബിയന്‍ മേഖലയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്നു പേര്‍ കാറ്റിനെ തുടര്‍ന്ന് മരിച്ചു. ക്യൂബന്‍ തീരപ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

ഹെയ്ത്തിയില്‍ ഒരാളും ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ രണ്ട് പേരുമാണ് മരിച്ചത്. നൂറുകണക്കിന് മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ക്യൂബക്ക് ശേഷം കാറ്റ് യു.എസ് സംസ്ഥാനമായ ഫ്‌ളോറിഡയിലേക്ക് പ്രവേശിക്കും. വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ക്യൂബയുടെ തെക്കന്‍ തീരത്തുനിന്ന് ഏകദേശം 105 കിലോമീറ്റര്‍ അകലെയായിരുന്നു ഞായറാഴ്ച രാത്രി കാറ്റിന്റെ സ്ഥാനം. പരമാവധി മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗമാണ് കാറ്റിന് കൈവരിക്കാനാവുകയെന്ന് മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ 1100 വീടുകള്‍ക്ക് നാശം സംഭവിച്ചു. 62 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ക്യൂബയില്‍ 13 മുതല്‍ 25 വരെ സെന്റിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളില്‍ 38 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും.

മിയാമിയില്‍ 11 ദിവസം മുമ്ബ് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചുമാറ്റല്‍ കാറ്റിന്റെ സാഹചര്യത്തില്‍ വേഗത്തിലാക്കി. 24 പേരാണ് അപകടത്തില്‍ മരിച്ചത്.

Related News