Loading ...

Home International

ബ്രസീലിലെ വാക്​സിന്‍ അഴിമതി ആ​രോപണം; ബോല്‍സനാരോക്കെതിരെ വ്യാപക പ്രതിഷേധം

ബ്രസീലിയ: കോവിഡ് പ്രതിരോധ വാക്സിനായ ‘കോവാക്​സിന്‍’ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രസിഡന്‍റ്​ ജെയിര്‍ ബോല്‍സ​നാരോക്കെതിരെ ബ്രസീലില്‍ ആയിരങ്ങളുടെ പ്രതിഷേധം കത്തുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ്​ ബ്രസീലിയന്‍ തെരുവുകളില്‍ പ്രതിഷേധം ആളിപ്പടരുന്നത്.

രാജ്യത്ത്​ കോവിഡ് മഹാമാരിയെ തുടര്‍ന്ന്​ 5 ലക്ഷം പേര്‍ക്ക്​ ജീവന്‍ നഷ്​ടമായതുമായി ബന്ധപ്പെട്ട്​ പാര്‍ലമെന്‍ററി അന്വേഷണത്തിന്​ സമ്മര്‍ദ്ദം ചെലുത്തുന്നതും ​ പ്രതിഷേധത്തിന് ആക്കം കൂട്ടി . രാജ്യത്ത്​ മരണനിരക്ക്​ ഉയര്‍ന്നതില്‍ സര്‍ക്കാറിന്റെ അനാസ്ഥയെ വിമര്‍ശിച്ച്‌ പ്രതിഷേധത്തില്‍ പ​ങ്കെടുക്കുന്ന 47കാരിയായ ലിമ മെന്‍ഡസ്​ രംഗത്തെത്തി. ‘

‘തെറ്റായ തീരുമാനങ്ങള്‍, വ്യാജവാര്‍ത്തകള്‍, നുണകള്‍ തുടങ്ങിയവയിലൂടെ ഈ സര്‍ക്കാര്‍ 5,00,000ത്തില്‍ അധികം പേരെ കൊലപ്പെടുത്തി . കൂടാതെ ഇപ്പോള്‍ വാക്​സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും’ -ഫിസീഷ്യന്‍ കൂടിയായ ലിമ ആരോപണം ഉന്നയിച്ചു .

പ്രസിഡന്‍റ്​ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപക പ്രതിഷേധം. സാവോ പോളോ, ബെലം, റെസിഫ്​ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചു. ബോല്‍സ​നാരോ​യെ ഇംപീച്ച്‌​ ചെയ്യുക, വാക്​സിനുകള്‍ക്ക്​ യെസ്​ പറയുക, ബോല്‍സനാരോയുടെ വംശഹത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ്​ പ്രതിഷേധം കത്തുന്നത് .

‘കോവാക്​സിന്‍ ‘വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ മറവില്‍ അഴിമതി നടന്നുവെന്നും ഇതിന്​ ബോല്‍സ​നാരോ കൂട്ടു​നിന്നെന്നുമാണ്​ ആരോപണം. തുടര്‍ന്ന്​ പ്രതിപക്ഷം പ്രസിഡന്‍റിനെതിരെ ഇംപീച്ച്‌​മെന്‍റ്​ നടപടി ആവശ്യപ്പെട്ടിരുന്നു. നാലുകോടി ഡോളറിന്റെ കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും ആരോപണ വിധേയനായ ഉദ്യോഗസ്​ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Related News