Loading ...

Home Gulf

ആരോഗ്യമേഖലയില്‍ സഹകരണം ശക്തമാക്കുന്നതിന് കരാര്‍ ഒപ്പുവെച്ച് യു.എ.ഇയും ഇസ്രായേലും

അബൂദബി: ആരോഗ്യമേഖലയില്‍ യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബൂദബി ആരോഗ്യവകുപ്പും ഇസ്രായേലിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ദാതാവായ ക്ലാലിറ്റ് ഹെല്‍ത്ത് സര്‍വീസസുമായി ധാരണ. നൂതന ആരോഗ്യ പരിപാലന വൈദഗ്ധ്യത്തിന് വഴിയൊരുക്കുന്നതിനും പരിജ്ഞാനം പരസ്പരം കൈമാറുന്നതിനുമുള്ള ധാരണാപത്രം അബൂദബി ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബിയും ക്ലാലിറ്റ് ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒഹാദ് ഡോഡ്‌സനും ഒപ്പുവെച്ചു.

ഡിജിറ്റല്‍ ഹെല്‍ത്ത്, വിസിറ്റിങ് ഫിസിഷ്യന്‍ പ്രോഗ്രാം, തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസം, അന്താരാഷ്ട്ര തലത്തില്‍ രോഗി റഫറലുകള്‍, ഗവേഷണം, ക്ലിനിക്കല്‍ പാതകള്‍ എന്നിവയിലും പരസ്പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള തീരുമാനവും ധാരണാപത്രം വ്യക്തമാക്കുന്നു. അബൂദബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്​ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ്, യു.എ.ഇയിലെ ഇസ്രയേല്‍ സ്ഥാനപതി ഈതാന്‍ നഹെ, നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്ബനിയായ ദമാന്‍ പ്രസിഡന്‍റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹമദ് അബ്​ദുല്ല അല്‍ മഹിയാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നിര്‍മിത ബുദ്ധി, അഡ്വാന്‍സ്ഡ് ഹെല്‍ത്ത് അനലിറ്റിക്‌സ് പ്രോഗ്രാം എന്നിവ അടിസ്ഥാനമാക്കി ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയിലൂടെ ആരോഗ്യ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തും. രോഗികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും അവരുടെ ആരോഗ്യാവസ്ഥ വിദൂരമായി വിലയിരുത്തുന്നതിനും ആരോഗ്യ പരിപാലന വിദഗ്ധരുമായി അറിവും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കരാര്‍ ലക്ഷ്യമിടുന്നു.

വിസിറ്റിങ് ഡോക്ടര്‍ പ്രോഗ്രാം, ടെലിമെഡിസിന്‍ എന്നിവയിലൂടെ ആരോഗ്യ സേവന സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ക്ലീനിക്കല്‍ പരീക്ഷണങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാനും അബൂദബി എമിറേറ്റിലെ ഗവേഷണങ്ങളും അത്യാധുനിക വൈദ്യ പരിചരണ ശ്രമങ്ങളെ ഏകീകരിക്കാനും കരാര്‍ ആഗ്രഹിക്കുന്നു. വിലയേറിയ ഗവേഷണ പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരോഗ്യ ഉത്പാദന ഗവേഷണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആരോഗ്യ സേവന മേഖലയിലെ പ്രമുഖ കേന്ദ്രമെന്ന നിലയില്‍ അബൂദബി എമിറേറ്റിന്‍റെ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും യോജിച്ചുള്ള പ്രവര്‍ത്തനം സഹായിക്കും. ജീവശാസ്ത്ര പദ്ധതികള്‍ക്കും ആഗോള മെഡിക്കല്‍ ടൂറിസം മാപ്പിലെ സുപ്രധാന ലക്ഷ്യസ്ഥാനത്തിനുമായി അബൂദബിയെ മാറ്റാനുള്ള ശ്രമവും ലക്ഷ്യമാക്കുന്നു.

ആരോഗ്യ സംരക്ഷണ മേഖലയുടെ നവീകരണവും ഗുണനിലവാരവും ഉയര്‍ത്തുന്നതിനും പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തില്‍ വിശ്വസിക്കുന്നതായി അബൂദബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്​ദുല്ല അല്‍ ഹമീദ് പറഞ്ഞു. ഇസ്രായേലുമായുള്ള സംയുക്ത സഹകരണത്തിലൂടെ ആരോഗ്യമേഖലയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും ഗവേഷണ ശ്രമങ്ങള്‍, ഡിജിറ്റല്‍ കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനും സാധിക്കും. സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷ നിലനിര്‍ത്തുന്നതിനും ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യവും അറിവും ഏകീകരിക്കുന്നതിനും ഇസ്രായേലിലെ ക്ലാലിറ്റ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Related News