Loading ...

Home International

താലിബാനെ നേരിടാന്‍ ആയുധമെടുത്ത് അഫ്ഗാന്‍ ജനത

കാബൂള്‍ ; അഫ്ഗാനിസ്ഥാന്‍റെ മണ്ണില്‍ നിന്നും അമേരിക്കന്‍ പട്ടാളം സ്വരാജ്യത്തേക്ക് തിരിച്ച്‌ പോകാന്‍ തയ്യാറെടുക്കുമ്ബോള്‍ താലിബാനെതിരെ ആയുധമെടുക്കുമെന്ന മുന്നറിയിപ്പുമായി അഫ്ഗാന്‍ ജനത .

അമേരിക്കയെ സഹായിച്ചവരെ തെരഞ്ഞ് പിടിച്ച്‌ വകവരുത്താന്‍ താലിബാന്‍ ലക്ഷ്യമിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . അതിനു പിന്നാലെയാണ് ഏതു വിധേനയും ചെറുത്ത് നില്പ് സാദ്ധ്യമാക്കുമെന്ന് വ്യക്തമാക്കി അഫ്ഗാന്‍ ജനത മുന്നോട്ട് വന്നത് .

"അവര്‍ കലാപം നടത്തുകയും , ഞങ്ങളെ പീഡിപ്പിക്കുകയും സ്വത്തുക്കളെയും , സ്ത്രീകളെയും കൈയേറ്റം ചെയ്യുകയും ചെയ്താല്‍, ഞങ്ങളുടെ ഏഴുവയസ്സുള്ള കുട്ടികള്‍ പോലും ആയുധധാരികളാകും, അവര്‍ക്കെതിരെ നിലകൊള്ളും,"താലിബാന്‍ കലാപത്തെ ചെറുക്കാന്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരായ നൂറുകണക്കിന് മുന്‍ "മുജാഹിദ്ദീന്‍" പോരാളികളില്‍ ഒരാളായ ദോസ്ത് മുഹമ്മദ് സലങ്കി പറഞ്ഞു .55 കാരനായ മുഹമ്മദ് സലങ്കി അടക്കമുള്ളവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല .
' ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കണം . വിദേശശക്തികള്‍ ഇവിടം വിട്ടു പോയാല്‍ ഇനി മറ്റൊരു മാര്‍ഗവുമില്ല,' ഫരീദ് മുഹമ്മദ് എന്ന യുവാവ് പറഞ്ഞു. പ്രധാനമായും പഴയ റൈഫിളുകള്‍, പിസ്റ്റളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയാണ് അഫ്ഗാനികളുടെ കൈയ്യില്‍ താലിബാനെതിരെ പോരാടാന്‍ ഉള്ള ആയുധങ്ങള്‍ .

താലിബാനെതിരെ ആയുധമെടുക്കാന്‍ താല്പര്യമുള്ള അഫ്ഗാനികള്‍ പ്രദേശിക സൈനിക സേനയില്‍ ലയിക്കുകയാണ്. എന്നാല്‍ കൂടുതല്‍ രാഷ്ട്രീയ സംഘങ്ങള്‍ ആയുധമെടുക്കുന്നതിനാല്‍ ആഭ്യന്തര യുദ്ധം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്‌ ചില രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

370 ജില്ലകളില്‍ 50 ലധികം താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും വിദേശ സൈനിക പിന്തുണ അവസാനിച്ചതോടെ രാജ്യം കൂടുതല്‍ അസ്ഥിരമായി കാണപ്പെടുന്നുവെന്നും അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര പ്രതിനിധി പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാന അമേരിക്കന്‍ സൈനീകനും ബഗ്രാം എയര്‍ഫീല്‍ഡില്‍ നിന്ന് മടങ്ങും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 4 നകം അവസാന യുഎസ് സൈനികരെയും പിന്‍‌വലിക്കുമെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News