Loading ...

Home National

കോവിഡ് പ്രതിസന്ധി; എട്ടിന സമാശ്വാസ പദ്ധതിയും 1.1 ലക്ഷം കോടിയുടെ ക്രെഡിറ്റ് ഗ്യാരണ്ടിയുമായി കേന്ദ്രം

ന്യുഡല്‍ഹി: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ മേഖലകളുടെ പുനരധിവാസത്തിന് എട്ടിന സാമ്ബത്തിക സമാശ്വാസ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 1.1 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതില്‍ 50,000 കോടി രൂപ ആരോഗ്യ മേഖലയ്ക്കാണ്. മറ്റ് മേഖലയ്ക്ക് 60,000 കോടി രൂപ വായ്പ അനുവദിക്കും. എട്ടിന പദ്ധതികളില്‍ നാലെണ്ണം പുതിയതാണ്. ഒരെണ്ണം ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യത്തിനുമാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യ മേഖലയ്ക്ക് 7.95% പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. മറ്റ് മേഖലകള്‍ക്ക് 8.25% പലിശ നിരക്കില്‍ വായ്പ ലഭ്യമാകും. എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്കഡ് ഗ്യാരണ്ടി സ്‌കീമിനുള്ള (ഇസിഎല്‍ജിഎസ്) പ്രാരംഭ വായ്പ തുക 3 ലക്ഷം കോടിയില്‍ നിന്ന് 14.5 ലക്ഷം കോടിയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ മറ്റ് വായ്പ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം ഗ്യാരണ്ടി നല്‍കുന്നതാണ് ഇസിഎല്‍ജിഎസ്.
പുതിയ സ്‌കീമിന്റെ പ്രയോജനം 25 ലക്ഷേത്താളം ആളുകള്‍ക്ക് ലഭ്യമാകും. മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ വഴിയുള്ള ചെറുകിട വായ്പക്കാര്‍ക്കും വായ്പ ലഭ്യമാകും. പരമാവധി 1.25 ലക്ഷം രൂപ ഇതിലുടെ വായ്പയായി ലഭിക്കും. മൂന്നു വര്‍ഷ കാലാവധിയില്‍ ആര്‍.ബി.ഐ നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും ഈടാക്കുക.

തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതം 2022 മാര്‍ച്ച്‌ വരെ സര്‍ക്കാര്‍ അടയ്ക്കും. ടൂറിസം മേഖലയെ ഊര്‍ജിതമാക്കാന്‍ സൗജന്യ വീസ അനുവദിക്കും. രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ ആദ്യം ഇന്ത്യയില്‍ എത്തുന്ന അഞ്ച് ലക്ഷം പേര്‍ക്ക് വീസയ്ക്ക് ഫീസ് നല്‍കേണ്ടതില്ല. 2022 മാര്‍ച്ച്‌ 31വരെയോ അഞ്ച് ലക്ഷം അപേക്ഷകരില്‍ എത്തുന്നത് വരെയോ ആണ് ഈ പദ്ധതി. ഒരു വിനോദ സഞ്ചാരിക്ക് ഒരു തവാണ മാത്രമാണ് ഇത്തരത്തില്‍ ആനുകൂല്യം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10,700 പ്രദേശിക ടൂറിസ്റ്റ് ഗൈഡുമാര്‍ക്കും ഏജന്‍സികള്‍ക്കും ഇതുവഴി നേട്ടമുണ്ടാകും.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയുടെ പ്രയോജനം 2022 മാര്‍ച്ച്‌ 31 വരെ നീട്ടി. ജൂണ്‍ 30 വരെയായിരുന്നു ഇത് നടപ്പാക്കിയിരുന്നു. 80,000 സ്ഥാപനങ്ങളിലെ 21.4 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കര്‍ഷകര്‍ക്ക് അധിക വളസബ്‌സിഡിയായി 15,000 കോടി കൂടി അനുവദിക്കും.

പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ റേഷന്‍ വിതരണത്തിന് 93,869 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി സഹമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജനയില്‍ നിന്നുള്ള ഫണ്ട് ചെലവഴിക്കല്‍ 2,27,841 കോടിയായിരിക്കും.

ആരോഗ്യ മേഖലയ്ക്ക് പ്രത്യേകിച്ച്‌ സ്ത്രീകളുടെയും കുട്ടികളുടെയും മേഖയ്ക്ക് 23,2220 കോടി രൂപ ഈ വര്‍ഷം തന്നെ ചെലവഴിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

Related News