Loading ...

Home Kerala

കൊടകര കുഴല്‍പ്പണ കേസ്; സമയം ആവശ്യപ്പെട്ട് ഇഡി, രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ തീരുമാനം അറിയിക്കാന്‍ ഇഡി വീണ്ടും ഹൈക്കോടതിയില്‍ സമയം ആവശ്യപ്പെട്ടു. കളളപ്പണത്തിന്‍്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ മറുപടി പറയുകയായിരുന്നു ഇഡി. വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ ഇഡിക്ക് ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇഡിക്ക് നിലപാട് അറിയിക്കാന്‍ പത്ത് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. കേരള പോലീസിന്‍്റെ അധികാര പരിധിക്കപ്പുറത്ത് അന്വേഷണം നടത്തേണ്ടതിനാലാണ് ഇഡിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. പണമെത്തിയത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പണം കടത്തിയ ധര്‍മ്മരാജിന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലുള്ളതാണ് പൊലീസിന്‍്റെ റിപ്പോര്‍ട്ട്.

കേസില്‍ കണ്ടെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ കോഴിക്കോട് സ്വദേശി ധര്‍മ്മരാജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി നീട്ടിവച്ചു. ഈ മാസം 30ന് വീണ്ടും പരിഗണിക്കും. പണത്തിന്‍്റെ രേഖകള്‍ ഹാജരാക്കാനും കോടതി ധര്‍മ്മരാജനോടാവശ്യപ്പെട്ടു.

കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് ധര്‍മ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകള്‍ നടന്നതിന്‍്റെ രേഖകള്‍ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് കവര്‍ച്ചാ പണവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ള പണം പൂര്‍ണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസ്.

Related News