Loading ...

Home Kerala

കേരളത്തിൽ വ്യാപകമായി നടന്ന മരം കൊള്ളയിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമരവുമായി പ്രതിപക്ഷം

സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച്‌ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജൂണ്‍ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തില്‍ ആയിരം കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

വയനാട്ടിലെ മുട്ടിലും എറണാകുളം,ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന വനംകൊള്ള സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊള്ളയും വന്‍ അഴിമതിയുമാണ്. വന മാഫിയയും ഉദ്യോഗസ്ഥന്മാരും സി.പി.എമ്മും സിപിഐയും ഉള്‍പ്പെട്ട സംഘമാണ് ഈ അഴിമതിക്ക് പിന്നിലുള്ളത്. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റവന്യൂ, ഫോറസ്റ്റ് വകുപ്പുകളിലെ മുന്‍ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമുള്ള പങ്കിനെ കുറിച്ച്‌ അന്വേഷിച്ചാല്‍ മാത്രമേ ഈ വനംകൊള്ളയുടെ ചുരുളുകള്‍ അഴിയുകയുള്ളു.
മുട്ടില്‍ മരംമുറിയുടെ പേരില്‍ ഒരു വില്ലേജ് ഓഫീസറെ മാത്രം സസ്പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ നടന്ന വനം കൊള്ളയെ മുഖ്യമന്ത്രി ഗൗരവമായി കാണുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്ക്ഡൗണിന്റെ മറവില്‍ നടന്ന മരംകൊള്ളയെ കുറിച്ച്‌ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിനെതിരെ ശക്തമായ സമരം നടത്താനാണ് യു.ഡി.എഫ് തീരുമാനം. അതിന്റെ തുടക്കമാണ് ജൂണ്‍ 24 ലെ ധര്‍ണ. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച്‌ വേണം ധര്‍ണ സംഘടിപ്പിക്കാന്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു.











Related News