Loading ...

Home National

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ആശുപത്രികളിലും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. അതിക്രമങ്ങളില്‍ ശക്തമായ നടപടി ഇല്ലെങ്കില്‍ ചികിത്സ നിര്‍ത്തിവെച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് പി.ടി സക്കറിയാസ് പറഞ്ഞു.

രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധവുമായി ഐ.എം.എ രംഗത്ത് എത്തിയത്. ആക്രമണങ്ങള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം എന്നടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് ഐ.എം.എക്ക് പുറമെ കെ.ജി.എം.ഒ.എയും, കെ.ജി.എം.സി.ടി.എയും സമരത്തിന്‍റെ ഭാഗമായി.

ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖല ആക്കണമെന്ന ആവശ്യവും ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലും, സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നിലും 9 മണി മുതല്‍ 12 മണി വരെ നില്‍പ്പ് സമരം അടക്കം സംഘടിപ്പിച്ചു. മാവേലിക്കരയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ പോലീസുകാരനെ തിരെ കര്‍ശന നടപടി വേണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് പി.ടി സക്കറിയാസ് ആവശ്യപ്പെട്ടു.

Related News