Loading ...

Home National

ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച്‌ ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച്‌ ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദികളുടെ വിധവകളായി സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ നാല് മലയാളി യുവതികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്നത്. ഈ നാല് യുവതികള്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 സമയത്താണ് ഐ.എസില്‍ ചേരാനായി രാജ്യം വിട്ടത്. ആദ്യം ഇറാനിലെത്തിയ ഇവര്‍ പിന്നീട് അവിടെ നിന്നും അഫ്​ഗാനിസ്ഥാനിലെത്തുകയായിരുന്നു. തുടര്‍ന്ന്‌ഐ.എസിന് നേരെ അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ നാല് പേരുടേയും ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു.
പിന്നീട് യു.എസിന്‍റെ തുടര്‍ച്ചയായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐ.എസ് ചിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 408 പേര്‍ അഫ്​ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. 2019ലാണ് നാല് മലയാളി യുവതികളടക്കമുള്ള ഐ.എസ് പ്രവര്‍ത്തകര്‍ അഫ്ഗാന് മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷം ജയിലില്‍ കഴിഞ്ഞു വന്ന ഇവരെ ഇന്ത്യ തിരികെ സ്വീകരിക്കണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്താരാഷ്ട്ര തീവ്രവാദ ശക്തികളുമായി യോജിച്ച്‌ പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് ​സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ഇവരെ തിരികെ എത്തിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസ‍ര്‍ക്കാരും.

അതേസമയം അഫ്ഗാന്‍ ജയിലില്‍ നിമിഷ ഫാത്തിമയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു ആരോപിച്ചു. തനിക്ക് തന്‍റെ മകളെ കാണണമെന്നും, അതിന് വേണ്ടി വന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പോകാനും തയ്യാറാണെന്നും ബിന്ദു വൈകാരികമായി പ്രതികരിച്ചു. കാബൂളില്‍ നിന്ന് ബന്ധപ്പെട്ടിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ നിരാശയുണ്ട്. അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരെ ബന്ധപ്പെട്ടിട്ടും ഒരു മറുപടിയും ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. മനുഷ്യാവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത്. കേന്ദ്രസര്‍ക്കാരിന്‍റേത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മരണക്കയത്തിലേക്ക് മകളെ വിട്ടു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അമ്മ കുറ്റപ്പെടുത്തി.

Related News