Loading ...

Home International

പിടിതരാതെ കോവിഡ്: എച്ച്‌ഐവി ബാധിതയായ യുവതിയില്‍ കണ്ടെത്തിയത് 32 വകഭേദങ്ങള്‍


കേപ് ടൗണ്‍: കോവിഡ് മഹാമാരിയോട് ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എച്ച്‌ഐവി ബാധിതയായ യുവതിയില്‍ 32 കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

36കാരിയായ യുവതിയില്‍ അപകടകരമായ കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യുവതി 216 ദിവസം കോവിഡ് ബാധിതയായിരുന്നു എന്നും ഇക്കാലയളവില്‍ വൈറസിന് മുപ്പതിലധികം ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. 2006ലാണ് യുവതിയ്ക്ക് എച്ച്‌ഐവി ബാധിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ രോഗപ്രതിരോധ ശേഷി വലിയ രീതിയില്‍ കുറഞ്ഞിരുന്നു. തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ലണ്ടനില്‍ കണ്ടെത്തിയ B.1.1.7 എന്ന ആല്‍ഫ വേരിയന്റിന്റെ തന്നെ ഘടകമായ E484K, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.351 എന്ന ബീറ്റാ വേരിയന്റിന്റെ ഘടകമായ N510Y തുടങ്ങിയ വകഭേദങ്ങളാണ് യുവതിയില്‍ പ്രധാനമായും കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ നിന്നും മറ്റാര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന കാര്യം കണ്ടെത്താനായിട്ടില്ല. എച്ച്‌ഐവി രോഗികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇത്തരത്തിലുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വലിയ അപകടമായി മാറുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

Related News