Loading ...

Home National

നിര്‍ണായക വിധിയെഴുത്ത് ഇന്ന്

ന്യൂഡല്‍ഹി > രാജ്യം കടന്നുപോകുന്ന പ്രക്ഷുബ്ധ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയമാനം ആര്‍ജിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിനാണ് തിങ്കളാഴ്ച രാജ്യം സാക്ഷ്യം വഹിക്കുന്നത്. ആശയ യുദ്ധം എന്ന് പ്രതിപക്ഷ പാര്‍ടികള്‍ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ഘടകകക്ഷികള്‍ക്കൊപ്പം വിവിധ പ്രാദേശിക പാര്‍ടികള്‍ പിന്തുണ നല്‍കുന്നത് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. പ്രതിപക്ഷ പാര്‍ടികളുടെ സ്ഥാനാര്‍ഥി മീരാകുമാര്‍ താന്‍ à´ˆ തെരഞ്ഞെടുപ്പിന്റെ ബലിയാടല്ല, ആശയത്തിനായി പൊരുതുന്ന പോരാളിയാണ് എന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം വ്യക്തമാക്കുന്നു. 

ബിഹാര്‍ മുന്‍ ഗവര്‍ണറും അഭിഭാഷകനുമായ രാംനാഥ് കോവിന്ദും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റിലെ ആദ്യ വനിതാ സ്പീക്കറുമായ മീരാ കുമാറും തമ്മില്‍ മത്സരിക്കുമ്പോള്‍ ആദ്യമായി രണ്ട് ദളിത് നേതാക്കള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥികളായി നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 

ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും പശുസംരക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് വേട്ടയാടുന്ന നിലയാണുള്ളത്. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും ചോദ്യങ്ങളും തടുക്കാനുള്ള രാഷ്ട്രീയ കവചമായാണ് എന്‍ഡിഎ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെ പോരാട്ടം തന്നെയാണ് മാര്‍ഗമെന്ന സന്ദേശമാണ് മീരാകുമാറിനെ മത്സരരംഗത്ത് എത്തിച്ചതിലൂടെ പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവയ്ക്കുന്നത്. 

തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി വോട്ടെടുപ്പ് നടക്കും.ലോക്സഭ, രാജ്യസഭ എംപിമാര്‍, സംസ്ഥാന നിയമസഭകളിലെയും രാജ്യതലസ്ഥാന മേഖലയായ ഡല്‍ഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും എംഎല്‍എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 4896 പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹത. രഹസ്യ ബാലറ്റ് ഉപയോഗിച്ചാണ് വോട്ടിങ്. വിപ്പ് ബാധകമല്ലാത്ത തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താം. രാജ്യസഭയില്‍നിന്ന് 233 അംഗങ്ങളും ലോക്സഭയില്‍നിന്ന് 543 അംഗങ്ങളും ഉള്‍പ്പെടെ 776 പാര്‍ലമെന്റ് അംഗങ്ങളും വിവിധ  നിയമസഭകളില്‍നിന്ന് 4120 എംഎല്‍എമാര്‍ക്കും വോട്ടു രേഖപ്പെടുത്താം. കേരളത്തില്‍നിന്നുള്ള 139 എംഎല്‍എമാര്‍ക്കും 29 എംപിമാര്‍ക്കുമാണ് വോട്ടിന് അര്‍ഹത.

എംപിമാര്‍ക്ക് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലും എംഎല്‍എമാര്‍ക്ക് അതത് സംസ്ഥാനത്തെ നിയമസഭാ മന്ദിരത്തിലും വോട്ട് രേഖപ്പെടുത്താം. എംപിമാര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള കേന്ദ്രത്തിലും എംഎല്‍എമാര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലോ പാര്‍ലമെന്റിലോ വോട്ട് രേഖപ്പെടുത്താം. രാജ്യസഭ അംഗങ്ങളായ 14 പേരും 41 ലോക്സഭ അംഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ വോട്ടു രേഖപ്പെടുത്തും. അഞ്ച് എംഎല്‍എമാര്‍ പാര്‍ലമെന്റിലും നാല് എംഎല്‍എമാര്‍ മറ്റു സംസ്ഥാനങ്ങളിലും വോട്ടുചെയ്യും. കേരളത്തില്‍നിന്നുള്ള പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ തമിഴ്നാട്ടില്‍ വോട്ടുരേഖപ്പെടുത്തും.

തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചു മാത്രമാണ് വോട്ടുചെയ്യാനാകുക. പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനത്തിലധികം ലഭിക്കുന്ന സ്ഥാനാര്‍ഥി വിജയിക്കും. ന്യൂഡല്‍ഹിയില്‍ റിട്ടേണിങ് ഓഫീസറുടെ ഓഫീസില്‍ 20ന് പകല്‍ 11ന് വോട്ടെണ്ണല്‍ ആരംഭിക്കും. അന്ന് വൈകിട്ട്  ഫലം പ്രഖ്യാപിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി 24ന് സ്ഥാനമൊഴിയും. 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.

Related News