Loading ...

Home National

ഭിന്നശേഷിക്കാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ 98-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. അതേസമയം അധികാരത്തിലെത്തിയുടന്‍ തന്നെ സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നു.

കരുണാനിധിയുടെ ജന്മദിനത്തോട് ദിനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് സംസ്ഥാനത്ത് നടത്തിയത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റിന്റെ വിതരണവും സംസ്ഥാനത്താകെ 38,000 വൃക്ഷതൈകള്‍ നടാനുള്ള പദ്ധതിക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടക്കം കുറിച്ചു

കോവിഡ് ദുരിതാശ്വാസത്തിനായി നല്‍കുന്ന തുകയുടെ രണ്ടാം ഗഡുവിന്റെ വിതരണവും നടന്നു. 4000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 2000 രൂപ നല്‍കിയിരുന്നു. കേന്ദ്ര സാഹിത്യ പുരസ്‌കാരവും ജ്ഞാനപീഠ പുരസ്‌കാരവും നേടിയവര്‍ക്ക് വീട് വെച്ചു നല്‍കാനും 70 കോടി രൂപയ്ക്ക് മധുരയില്‍ കരുണാനിധി സ്മാരക ലൈബ്രററി നിര്‍മ്മിക്കുന്നതിനുമുള്ള പദ്ധതി സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

അതേസമയം കോവിഡ് ബാധിച്ച കുട്ടികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെന്ന് വനിത-ശിശുവികസന മന്ത്രാലയം സെക്രട്ടറി റാം മോഹന്‍ മിശ്ര അറിയിച്ചു.

കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് ഐസലേഷന്‍ സൗകര്യം ഒരുക്കണമെന്നും ചൈല്‍ഡ് സൈക്കോളജിസ്റ്റുമാരുടെയോ കൗണ്‍സിലര്‍മാരുടെയോ സംഘത്തെ കുട്ടികളുമായി സംവദിക്കാന്‍ സൗകര്യമൊരുക്കണമെന്നും സംസ്ഥാനങ്ങളോട് മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡ് മൂലം ദുരിതത്തിലായ കുട്ടികളുടെ വിവരങ്ങള്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടത്തെയോ ജില്ലാ ശിശു സംരക്ഷണ യുണീറ്റീനെയോ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണം.

Related News